മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിക്ക് ആദരമായി ഗൂഗ്ൾ ഡൂഡിൾ
text_fieldsപി.കെ റോസിയുടെ 120ാം ജന്മവാർഷികത്തിൽ മലയാള സിനിമയിലെ ആദ്യ നായികക്ക് ആദരവുമായി ഗൂഗ്ൾ. ഡൂഡിലിലുടെയാണ് ഗൂഗ്ൾ റോസിക്ക് ആദരമർപ്പിച്ചിരിക്കുന്നത്. 1903ൽ തിരുവനന്തപുരത്ത് ജനിച്ച രാജമ്മയാണ് പിന്നീട് പി.കെ റോസിയെന്ന പേരിൽ മലയാള സിനിമയിലെ ആദ്യ നായികയായത്.
ഇന്നത്തെ ഡൂഡിൾ മലയാള സിനിമയിലെ ആദ്യ നായിക പി.കെ റോസിക്ക് ആദരമർപ്പിച്ചാണെന്ന് ഗൂഗ്ൾ കുറിച്ചു. കലാരൂപങ്ങളെ സമൂഹത്തിലെ ഒരു വിഭാഗം നിരുത്സാഹപ്പെടുത്തിയിരുന്ന കാലത്താണ് വിഗതകുമാരൻ എന്ന ചിത്രത്തിൽ പി.കെ റോസി നായികയായി എത്തിയതെന്ന് ഗൂഗ്ൾ ഡൂഡിളിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു. എന്നാൽ, സിനിമയിലെ അഭിനയത്തിന് റോസിക്ക് ജീവിതത്തിൽ ഒരിക്കലും അംഗീകാരം ലഭിച്ചിട്ടില്ല. ഇന്ന് റോസിയുടെ കഥ നിരവധിപേർക്ക് പ്രചോദനമാണെന്നും ഗൂഗ്ൾ വ്യക്തമാക്കി.
വിഗതകുമാരന്‍റെ രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ഡാനിയൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചത്. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ നായിക സ്ക്രീനില്‍ വന്നപ്പോഴൊക്കെ കാണികൾ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്തു. പിന്നീട് സവര്‍ണര്‍ അവരെ ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.