വിജയവഴിയിൽ പൊന്നാനിക്കാരുടെ വിൻസി
text_fieldsപൊന്നാനി: ‘എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാൻ ലോകം മുഴുവൻ കൂടെ നിൽക്കും’ -ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്ലോയുടെ വിഖ്യാതവാക്കുകൾ വിൻസി അലോഷ്യസിന് ജീവിത‘രേഖ’യാണിന്ന്. കഴിഞ്ഞ ദിവസം വരെ പേരിന് ഒന്നോ രണ്ടോ ഷീൽഡുകൾ മാത്രമുണ്ടായിരുന്ന ഷെൽഫിനെ അലങ്കരിക്കാൻ ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ ഏറ്റവും വിലപിടിച്ച പുരസ്കാരം വീട്ടിലേക്കെത്തിയതിന്റെ അഭിമാനനിറവിലാണ് വിൻസിയിപ്പോൾ.
ചെറുപ്പത്തിലേ സിനിമ ആകാശത്തോളം ആഗ്രഹമായിരുന്നു. അഭ്രപാളിയിൽ ശോഭനയും മഞ്ജു വാര്യരുമെല്ലാം നായികമാരായി നിറഞ്ഞാടുമ്പോൾ വിൻസിയുടെ കുഞ്ഞു മനസിലും മോഹം മൊട്ടിട്ടെങ്കിലും അപ്രാപ്യമെന്ന ചിന്തയായിരുന്നു.പൊന്നാനിയിലെ സാധാരണ കുടുംബത്തിൽ വളർന്ന വിൻസി വിജയമാത സ്കൂളിലെയും സെന്റ് ആന്റണീസ് ചർച്ചിലെയും കലാമത്സരങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും കഴിവ് പുറംലോകമറിഞ്ഞിരുന്നില്ല.
കലാകാരിയെ കണ്ടെത്തിയത് അബു
സ്കൂൾ പഠനം കഴിഞ്ഞ് ഹയർ സെക്കൻഡറി പഠനം തവനൂർ ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലേക്ക് മാറിയതോടെയാണ് അബു വളയംകുളമെന്ന നാടകക്കാരൻ വിൻസിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. നാടക സംവിധായകനും കാസ്റ്റിങ് ഡയറക്ടറും അഭിനേതാവുമായ അബു മോണോ ആക്ട് പരിശീലിപ്പിച്ചതാണ് വഴിത്തിരിവായത്. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഊർജം പകർന്നു.
ഭാഗ്യവുമായെത്തിയ ചിക്കൻപോക്സ്
കൊച്ചിയിൽ ആർകിടെക്ച്ചർ ബിരുദം കഴിഞ്ഞ് വീട്ടിലെത്തിയ വിൻസിക്ക് ചിക്കൻപോക്സ് പിടിപെട്ട സമയത്താണ് സംവിധായകൻ ലാൽ ജോസുൾപ്പെടെ വിധികർത്താവായ ‘നായിക നായകൻ’ എന്ന റിയാലിറ്റി ഷോയുടെ പരസ്യം ശ്രദ്ധയിൽപ്പെടുന്നത്. ചിക്കൻപോക്സ് പിടിപെട്ടതിനാൽ ഒന്ന് മടിച്ചെങ്കിലും വീട്ടുകാർ ഉൾപ്പെടെ നിർബന്ധിച്ചപ്പോൾ പങ്കെടുക്കാൻ അപേക്ഷ നൽകി. ഓഡീഷനിൽ മികച്ച പ്രകടനം നടത്തിയതോടെ വേദിയിലെത്തി.
സ്വാഭാവിക അഭിനയത്തിലൂടെ ഷോയിൽ ലഭിച്ചത് രണ്ടാം സ്ഥാനവും. തുടർന്ന് 2014ൽ സൗബിൻ ഷാഹിറിന്റെ നായികയായി ‘വികൃതി’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക്. പിന്നീട് ‘കനകം കാമിനി കലഹം’, ‘ഭീമന്റെ വഴി’, ‘ജനഗണമന’, ‘സോളമന്റെ തേനീച്ചകൾ’, ‘1744 വൈറ്റ് ആൾട്ടോ’, ‘സൗദി വെള്ളക്ക’, ‘രേഖ’, ‘പദ്മിനി’ എന്ന സിനിമകളിലും അഭിനയിച്ചു. ‘രേഖ’യിലെ രേഖ എന്ന കഥാപാത്രത്തെ തേടി ഒടുവിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും വിൻസിയെ തേടിയെത്തി.
പൊന്നാനിയിലെ ജാഡയില്ലാ നടി
ക്രിസ്തുമസിനും ഈസ്റ്ററിനും പള്ളി പെരുന്നാളിനും പൊന്നാനി സെന്റ് തോമസ് ചർച്ചിലെ ചടങ്ങുകളിൽ സ്ഥിര സാന്നിധ്യമാണ് വിൻസി. സിനിമ തിരക്കുകൾക്കിടയിലും വിശേഷ ദിവസങ്ങളിൽ ചർച്ചിലെത്തും.
ഒറ്റ ദിനം കൊണ്ട് നിറഞ്ഞ ഷെൽഫ്
വിൻസിയുടെ അച്ഛൻ അലോഷ്യസ് എല്ലാവരുടെയും അലോഷ്യേട്ടനാണ്. പുരസ്കാര വിവരം അറിഞ്ഞത് മുതൽ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. പി. നന്ദകുമാർ എം.എൽ.എ എത്തി അഭിനന്ദനമറിയിച്ചു. പൊന്നാനിയിലെ വിവിധ മേഖലകളിലുള്ളവർ അഭിനന്ദവുമായി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.