ബോളിവുഡ് ചിത്രങ്ങൾക്കൊപ്പം മഞ്ഞുമ്മൽ ബോയ്സും; 2024 ലെ ജനപ്രിയ ചിത്രങ്ങൾ
text_fieldsമികച്ച സിനിമകൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2024. വലുതും ചെറുതുമായ നിരവധി ചിത്രങ്ങൾ ബോക്സോഫീസിൽ വൻ വിജയങ്ങൾ കൈവരിച്ചിരുന്നു. മലയാള സിനിമയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇപ്പോഴിതാ 2024 ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബി. ആദ്യത്തെ പത്ത് ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സും ഇടം നേടിയിട്ടുണ്ട്.
ആദ്യ സ്ഥാനത്ത് പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയാണ്. ജൂൺ 27 ന് പുറത്തിറങ്ങിയ ചിത്രത്തിൽ ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അമർ കൗശിക് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രമായ സത്രീ 2 ആണ് രണ്ടാം സ്ഥാനത്ത്. രാജ് കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർക്കൊപ്പം അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദിയിൽ മാത്രമാണ് ചിത്രമെത്തിയത്.
വിജയ് സേതുപതി ചിത്രം മഹാരാജ ആണ് ഐഎംഡിബി ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നടരാജൻ സുബ്രഹ്മണ്യം എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രം ചൈനയിലും റിലീസ് ചെയ്തിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
അജയ് ദേവ്ഗൺ, ആർ. മാധവൻ, ജ്യോതിക എന്നിവർ പ്രധാനവേഷത്തിലെത്തിയ ശൈത്താൻ ആണ് നാലാം സ്ഥാനത്ത്. വികാസ് ബഹൽ ആണ് ചിത്രം ഒരുക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ഫൈറ്റർ ആണ് അഞ്ചാം സ്ഥാനത്ത്. ഹൃത്വിക് റോഷനും ദീപിക പദുകോണുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഐഎംഡിബി ലിസ്റ്റിൽ ആറാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്സ് ആണ്. ലിസ്റ്റിൽ ആദ്യ പത്തിലുള്ള ഏക മലയാള ചിത്രമാണിത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൾ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലീദ് റഹ്മാൻ, ചന്ദു സലീം കുമാർ, ഷെബിൻ ബെൻസൺ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
2024 ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്ത് ഭൂൽ ഭുലയ്യ 3 ആണ്. ഹൊറർ- കോമഡി വിഭാഗത്തിലെരുങ്ങിയ ചിത്രത്തിൽ കാർത്തിക് ആര്യൻ, വിദ്യാ ബാലൻ , മാധുരി ദീക്ഷിത് , ട്രിപ്റ്റി ദിമ്രി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കരൺ ജോഹർ നിർമ്മിച്ച് നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത കിൽ ആണ് എട്ടാം സ്ഥാനത്ത്. ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഇത്.രാഘവ് ജുയൽ, ആശിഷ് വിദ്യാർത്ഥി, ഹർഷ് ഛായ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രോഹിത് ഷെട്ടിയുടെ സിംഗം എഗെയ്ൻ ആണ് ലിസ്റ്റിൽ ഒമ്പതാമത്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ , രൺവീർ സിങ്,ടൈഗർ ഷ്റോഫ്, ദീപിക പദുക്കോൺ, കരീന കപൂർ ഖാൻ, അർജുൻ കപൂർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കിരൺ റാവുവിൻ്റെ ലാപത ലേഡീസാണ് ഐഎംഡിബി ലിസ്റ്റിൽ പത്താമത്തേത്. അമിർ ഖാനാണ് ചിത്രം നിർമിച്ചത്.97-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.