പൃഥ്വിരാജ് നടൻ, ഉർവശിയും ബീന ആർ. ചന്ദ്രനും നടിമാർ
text_fieldsതിരുവനന്തപുരം: മലയാളി വായനാസമൂഹം നെഞ്ചേറ്റിയ നോവൽ സ്വാഭാവികത ഒട്ടും ചോരാതെ വെള്ളിത്തിരയിലെത്തിച്ചപ്പോൾ ആടുജീവിതം നേടിയത് ജനപ്രിയ ചിത്രം ഉൾപ്പെടെ ഒൻപത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽപ്പെട്ടുപോയ മനുഷ്യന്റെ അതിജീവനത്വരയും നിസ്സഹായതയും കേന്ദ്ര കഥാപാത്രമായ നജീബിലൂടെ ആവിഷ്കരിച്ച പൃഥ്വിരാജ് മികച്ച നടനായി. മൂന്നാം തവണയാണ് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.
മകന്റെ മരണത്തെ തുടർന്ന് ഒറ്റപ്പെടുന്ന, മരുമകളുമായി ഇണങ്ങിയും പിണങ്ങിയും ആത്മബന്ധം സ്ഥാപിക്കുന്ന ലീലാമ്മയെ അവതരിപ്പിച്ച ഉർവശിയും (ഉള്ളൊഴുക്ക്) ‘തടവി’ലെ മികച്ച പ്രകടനത്തിലൂടെ ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. ആടുജീവിതം ഒരുക്കിയ ബ്ലസി മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥാകൃത്തും ആയി. ജിയോ ബേബിയുടെ ‘കാതൽ ദ കോറാ’ണ് മികച്ച ചിത്രം.
മികച്ച സ്വഭാവനടനായി പൂക്കാലത്തിലൂടെ വിജയരാഘവനും സ്വഭാവനടിയായി ശ്രീഷ്മ ചന്ദ്രനും (പൊമ്പളൈ ഒരുമൈ) തെരഞ്ഞെടുക്കപ്പെട്ടു. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് മികച്ച ഗായകൻ; ചിത്രം: ജനനം 1947 പ്രണയം തുടരുന്നു.
പാച്ചുവും അദ്ഭുത വിളക്കും എന്ന ചിത്രത്തിലെ ‘തിങ്കൾ പൂവിൻ ഇതളവൾ’ എന്ന ഗാനം ആലപിച്ച ആൻ ആമി മികച്ച പിന്നണിഗായികയായി. ചാവേറിലെ ‘ചെന്താമരപ്പൂവിൻ’ ഗാനം ചിട്ടപ്പെടുത്തിയ ജസ്റ്റിൻ വർഗീസാണ് മികച്ച സംഗീതസംവിധായകൻ. ‘ഇരട്ട’ തിരക്കഥ ഒരുക്കിയ രോഹിത് എം.ജി കൃഷ്ണനാണ് മികച്ച തിരക്കഥാകൃത്ത്. സ്ത്രീ, ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം എന്നെന്നും എന്ന ചിത്രത്തിലൂടെ ശാലിനി ഉഷാദേവി നേടി.
അവാർഡ് പരിഗണനക്ക് 160 സിനിമയാണ് എത്തിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാറാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ വയനാടിനായി ചലച്ചിത്ര അക്കാദമിയുടെ തനത് ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അക്കാദമി ചെയർമാൻ രഞ്ജിത്ത് മന്ത്രിക്ക് കൈമാറി. ജൂറി ചെയർമാൻ സുധീർ മിശ്ര, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സംവിധായകരായ പ്രിയനന്ദനൻ, അഴകപ്പൻ, രചന വിഭാഗം ചെയർപേഴ്സൺ ഡോ. ജാനകി ശ്രീധരൻ, അക്കാദമി മെംബർ സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.