'ട്രെയിലർ കണ്ടതിന് ശേഷം നിങ്ങൾ എന്നോട് പറഞ്ഞ കാര്യം മറക്കില്ല! എമ്പുരാൻ ട്രെയിലർ ആദ്യം കണ്ട ആൾ രജനികാന്ത്'; പോസ്റ്റുമായി പൃഥ്വി
text_fieldsമലയാള സിനിമാപ്രേമികൾ ഒരുപാട് പ്രതീക്ഷകളുമായി കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രമായി എത്തുന്ന എമ്പുരാൻ സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരനാണ്. മോഹൻലാൽ നായകനായെത്തുന്ന സിനിമ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. റിലീസ് അടുക്കുന്തോറും ആരാധകരുടെ ആവേശവും ഇരട്ടിക്കുന്നുണ്ട്. മാർച്ച് 27ന് തിയറ്ററിലെത്തുന്ന സിനിമയുടെ ട്രെയിലർ ആദ്യം കണ്ടത് സൂപ്പർസ്റ്റാർ രജനികാന്താണെന്ന് പറയുകയാണ് സംവിധായകൻ പൃഥ്വിരാജ്. രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'എമ്പുരാൻ ട്രെയ്‌ലർ ആദ്യം കണ്ട വ്യക്തി, ട്രെയ്‌ലർ കണ്ടതിനുശേഷം നിങ്ങൾ പറഞ്ഞത് ഞാൻ എന്നും ഓർത്തിരിക്കും! എനിക്ക് ഇത് അത്രയും പ്രിയപ്പെട്ടതാണ്. എന്നും ഒരു കടുത്ത ആരാധകൻ! ' പൃഥ്വിരാജ് കുറിച്ചു. ഇന്ന് ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരോടൊപ്പം നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.