'ഇംഗ്ലീഷിൽ ക്യാപ്ഷൻ ആലോചിച്ചതാ'; പൃഥ്വിയെ ട്രോളി ടോവിനോ
text_fieldsമലയാളത്തിലെ യുവ നടന്മാരായ പൃഥ്വിരാജും ടോവിനൊ തോമസും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. തുടക്കംമുതൽ ടോവിനോയെ പ്രോത്സഹിപ്പിക്കുന്ന നിലപാടാണ് പൃഥ്വിരാജ് സ്വീകരിച്ചിരുന്നത്. ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോൾ ടോവിനോക്ക് മികച്ച വേഷം നൽകാനും പൃഥ്വി ശ്രദ്ധിച്ചിരുന്നു. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിൽ ജതിൻരാംദാസ് എന്ന യുവ രാഷ്ട്രീയക്കാരന്റെ വേഷം ടോവിനോ ശ്രദ്ധേയമാക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള മറ്റൊരു ബന്ധം രണ്ടുപേരും ശരീര സംരക്ഷണത്തിൽ മികവുപുലർത്തുന്നവരാണ് എന്നതാണ്. ജിം വർകൗട്ടുകളുടെ ഫോട്ടോകൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
ഇത്തരമൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ജിമ്മിൽ മസിലുകാണിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ആരാധക ശ്രദ്ധപിടിച്ചുപറ്റിയത്. രണ്ടുപേരും തങ്ങളുടെ അകൗണ്ടുകളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് ടോവിനോ നൽകിയ കാപ്ഷൻ ചിരി പടർത്തുന്നതാണ്. 'ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു' എന്നാണ് ടോവിനോ കുറിച്ചിരിക്കുന്നത്.
ഇംഗ്ലീഷിന്‍റെ പേരിൽ ധാരാളം ട്രോളുകൾ ഏറ്റുവാങ്ങിയ നടനാണ് പൃഥ്വിരാജ്. തുടക്ക കാലത്ത് ഇംഗ്ലീഷ് അറിയാവുന്ന സൗത്ത് ഇന്ത്യയിലെ ഏക നടൻ എന്നാണ് പൃഥ്വിയെ ട്രോളന്മാർ വിശേഷിപ്പിച്ചിരുന്നത്. ഇത് സൂചിപ്പിച്ചാണ് ടോവിനോ രസകരമായ കുറിപ്പ് ഇട്ടിരിക്കുന്നത്. പൃഥ്വിരാജ് പങ്കുവച്ച ഫോട്ടോക്ക് നൽകിയിരിക്കുന്ന കാപ്ഷനിൽ ലൂസിഫറിലെ കഥാപാത്രങ്ങളുടെ പേരുകളാണ് കൊടുത്തിരിക്കുന്നത്. 'സയ്യിദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ ഒരുമിച്ച്' എന്നാണ് പൃഥ്വിയുടെ കാപ്ഷൻ. എന്തായാലും ആരാധകർ ഇരു ചിത്രങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.