വാക്കുകൾ വളച്ചൊടിച്ചു, പറഞ്ഞത് ദുൽഖറിനേയോ കുറിപ്പിനേയോ ഉദ്ദേശിച്ചല്ല; വിശദീകരണവുമായി പ്രിയദർശൻ
text_fieldsമലയാള സിനിമകളുടെ റിലീസിന് ഒ.ടി.ടി വേണോ തീയറ്റർ വേണോ എന്ന ചർച്ച ചൂടുപിടിക്കവേ പുതിയൊരു വിവാദംകൂടി കൊഴുക്കുന്നു. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ സംവിധായകൻ പ്രിയദർശൻ പറഞ്ഞ കാര്യങ്ങളാണ് പുതിയ വിവാദത്തിന് കാരണം. ഒടിടി പ്ലാറ്റ്‍ഫോമുകള്‍ക്ക് വില്‍ക്കാന്‍ പറ്റാത്ത സിനിമകള്‍ തിയേറ്ററില്‍ കൊണ്ടുവരുമ്പോള്‍, തിയേറ്ററുകാരെ രക്ഷിക്കാനാണെന്ന് ചിലര്‍ കള്ളം പറയുകയാണ് എന്നായിരുന്നു പ്രിയദര്‍ശൻ പറഞ്ഞത്. ഇത് ദുൽഖർ സൽമാന്‍റെ പുതിയ ചിത്രം കുറുപ്പിനെ ഉദ്ദേശിച്ചാണ് എന്ന രീതിയിൽ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി പ്രിയദര്‍ശന്‍ രംഗത്ത് എത്തിയത്.
'ഇന്നലെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന നെറ്റ്ഫ്ലിക്സിനെയും തിയേറ്റർ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായമായിരുന്നു. അതല്ലാതെ പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ചുള്ളതല്ല'-പ്രിയദർശൻ ട്വിറ്ററിൽ കുറിച്ചു.
'ദുൽഖറിനെയോ കുറുപ്പിന്റെ വരാനിരിക്കുന്ന റിലീസിനെ കുറിച്ചോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിക്കുകയും ഉദ്ദേശിക്കാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയുമായിരുന്നു'-മറ്റൊരു ട്വീറ്റിൽ നൽകിയ വിശദീകരണത്തിൽ പ്രിയദർശൻ പറഞ്ഞു.
'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും എന്ന് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതുമുതൽ വിവിധതരം ചർച്ചകളാൽ സജീവമാണ് സോഷ്യൽ മീഡിയ. മരക്കാർ മാത്രമല്ല, ആശിർവാദ് നിർമിക്കുന്ന മറ്റ് നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഓടിടി പ്ലാറ്റ്‌ഫോമിലാകും റിലീസ് ചെയ്യുകയെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഓടിടിയിലേക്ക് പോവുമ്പോൾ തിയേറ്ററുകളെ അതെത്രത്തോളം ബാധിക്കും എന്ന വിഷയത്തിൽ ഗൗരവകരമായ ചർച്ചകളാണ് കുറച്ചുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.
മരക്കാര്‍ തിയറ്ററുകളില്‍ ഓടിടി റിലീസ് ചെയ്യുക എന്ന തീരുമാനത്തിൽ ആന്റണിയ്ക്ക് ഒപ്പമാണ് താനെന്നും നിലവിലെ സാഹചര്യത്തിൽ അതല്ലാതെ മറ്റുവഴികൾ മുന്നിൽ ഇല്ലെന്നും പ്രിയദർശനും വ്യക്തമാക്കി. 'മരക്കാര്‍' മാത്രമല്ല, പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ 12ത്ത് മാന്‍, ഷാജി കൈലാസിന്‍റെ എലോണ്‍, കൂടാതെ 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്‍ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രം എന്നിവയും ഓടിടി വഴിയാണ് റിലീസ് ചെയ്യുക എന്നാണ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
'മോഹന്‍ലാലും പ്രിയദര്‍ശനും ഞാനുമടക്കം മരക്കാറിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം പടം തിയറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ പല കാരണങ്ങളാല്‍, വിശേഷിച്ച് കൊവിഡ് സാഹചര്യത്താലാണ് തിയറ്ററില്‍ റിലീസ് ചെയ്യാനാവാത്ത ഒരു സാഹചര്യം വന്നത്. എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ തിയറ്ററില്‍ എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിലെ യോഗം നടക്കാതെപോയി. അതാണ് ഒരു അവസാന സാധ്യതയായി കണ്ടിരുന്നത്. രണ്ടാമത് തിയറ്ററുകള്‍ തുറന്ന സമയത്ത് മരക്കാറിന്‍റെ റിലീസിനെക്കുറിച്ച് ഫിയോക് ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. അത് വളരെ സങ്കടം തോന്നിയ കാര്യമാണ്. ഫിയോകിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും ആ സംഘടനയില്‍ പുതിയ നേതൃത്വം വരുന്നതുവരെ സഹകരിക്കാന്‍ താല്‍പര്യമില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.