കരൺ ജോഹറിനെതിരെ മൊഴി നൽകാൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നിർബന്ധിച്ചെന്ന് ക്ഷിതിജ്
text_fieldsനടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)ക്കെതിരേ ആരോപണം. കരൺ ജോഹറിന് പങ്കുണ്ടെന്ന് പറയാൻ അന്വേഷണ സംഘം നിർബന്ധിച്ചതായും അദ്ദേഹത്തെ പ്രതിചേർത്ത് പറഞ്ഞാൽ കേസിൽ നിന്ന് തന്നെ ഒഴിവാക്കാമെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും ക്ഷിതിജ് പ്രസാദ് അഭിഭാഷകൻ മുഖേന ബോംബെ ഹൈകോടതിയെ അറിയിച്ചു.
കരൺ ജോഹർ, സൊമേൽ മിശ്ര, രാഖി, അപൂർവ്വ, നീരജ്, രാഖിൽ എന്നിവരെ പ്രതിചേർക്കാൻ സഹായിച്ചാൽ കേസിൽ നിന്നൊഴിവാക്കാമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. അതിന് വിസമ്മതിച്ചപ്പോൾ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങി തെറ്റായി ആരെയും കേസിൽ ഉൾപ്പെടുത്താൻ ആകില്ലെന്നും അഭിഭാഷകൻ സതീഷ് മനേഷിൻഡെ വഴി ക്ഷിതിജ് കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യേഗസ്ഥനായ സമീർ വാങ്ക്ഡെ ഭീഷണിപ്പെടുത്തിയതായും ക്ഷിതിജ് വെളിപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി. മറ്റ് ഉദ്യോഗസ്ഥരും അത്തരത്തിൽ തന്നെയാണ് പെരുമാറിയതെന്നും ക്ഷിതിജ് ആരോപിച്ചു.
സംവിധായകൻ കരൺ ജോഹറിെൻറ ഉടമസ്ഥതയിലുള്ള ധർമ പ്രൊഡക്ഷൻസിലായിരുന്നു ക്ഷിതിജ് രവി പ്രസാദ് നേരത്തെ പ്രവർത്തിച്ചിരുന്നത്. സെപ്റ്റംബർ 26-നാണ് ക്ഷിതിജിനെ മയക്കുമരുന്ന് കേസിൽ എൻ.സി.ബി. അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിനെതിരേ അദ്ദേഹത്തിെൻറ അഭിഭാഷകൻ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും എൻ.സി.ബി. വൃത്തങ്ങൾ നിഷേധിച്ചു. തികച്ചും പ്രൊഫഷണൽ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും ക്ഷിതിജിന്റെ അഭിഭാഷകൻ ആരോപിച്ചതെല്ലാം അസത്യങ്ങളാണെന്നും എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.