പത്താനിലെ വേഷത്തിന് വാഗ്ദാനം ചെയ്തത് ഭീമൻ തുക; നിരസിച്ച് സൽമാൻ, കാരണം ഷാരൂഖ്
text_fieldsരണ്ട് വർഷത്തിലധികമായി സിനിമകൾ ചെയ്യാതെ വീട്ടിലിരിക്കുന്ന ബോളിവുഡിന്‍റെ ബാദ്ഷാ ഷാരൂഖ് ഖാന്‍റെ വെള്ളിത്തിരയിലേക്കുള്ള വമ്പൻ തിരിച്ചുവരവിന് കളമൊരുക്കുന്ന ചിത്രമാണ് 'പത്താൻ'. ഹൃത്വിക് റോഷന്‍റെ സൂപ്പർഹിറ്റ് ചിത്രം 'വാർ' സംവിധാനം ചെയ്ത സിദ്ധാർഥ് ആനന്ദാണ് പത്താൻ ഒരുക്കുന്നത്. സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ചിത്രത്തിൽ അതിഥി താരമായി എത്തുന്നു എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
ചിത്രത്തിന് വേണ്ടി പത്ത് ദിവസമാണ് സൽമാൻ അനുവദിച്ചിരിക്കുന്നത്. പത്താൻ ചെയ്യാൻ സമ്മതം മൂളിയതോടെ നിർമാതാവ് ആദിത്യ ചോപ്ര, പ്രതിഫലത്തിന്‍റെ കാര്യം സംസാരിക്കാനായി സൽമാനെ സമീപിച്ചെങ്കിലും പണം സ്വീകരിക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ഭീമമായ തുക ഓഫർ ചെയ്തിട്ടും അത് നിരസിച്ച സല്ലു, കാരണമായി പറഞ്ഞത് 'ഷാരൂഖ് ഖാൻ തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യും' എന്നാണ്.
കൂടാതെ, തനിക്ക് നൽകേണ്ട തുക രണ്ടായി പിരിച്ച് പത്താന്‍റെയും ടൈഗർ എന്ന സിനിമയുടെയും ബജറ്റിനൊപ്പം ചേർക്കാനും താരം പറഞ്ഞതായി ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു. സംഭവം ആദിത്യ ചോപ്ര ഷാരൂഖിനോട് വിശദീകരിച്ചിരുന്നു. അതിന് അദ്ദേഹം നൽകിയ 'ഭായ് എന്നും ഭായ് തന്നെ' എന്ന മറുപടിയും ഇപ്പോൾ രണ്ട് സൂപ്പർതാരങ്ങളുടെയും ഫാൻസ് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, നിർമാതാവ് ആദിത്യ ചോപ്ര സല്ലുവിന് വില കൂടിയ എന്തെങ്കിലും സമ്മാനം നൽകാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.
കോവിഡ് -19 കേസുകൾ വർധിച്ച സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് പത്താന്‍റെയും ടൈഗറിന്‍റെയും ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.