ലാൽ സിങ് ചദ്ദ പ്രദർശനം തടയാനെത്തി ഹിന്ദുത്വവാദികൾ; തടഞ്ഞ് സിഖ് സംഘടന പ്രവർത്തകർ
text_fieldsജലന്ധര്‍: കഴിഞ്ഞ ദിവസം റിലീസായ ആമിർ ഖാൻ ചിത്രം 'ലാൽ സിങ് ഛദ്ദ'ക്കെതിരെ സമൂഹമാധ്യമങ്ങളിലും പുറത്തും വൻ ബഹിഷ്‌ക്കരണ കാംപയിനാണ് നടക്കുന്നത്. ആമിർ ഖാൻ ഹിന്ദു ദൈവങ്ങളെയും ദേവതമാരെയും അവഹേളിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികൾ ചിത്രത്തിന്റെ റിലീസ് തടയാനായി മുറവിളി കൂട്ടുന്നത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ ജലന്ധറിലെ എംബിഡി മാളിലുള്ള ചിത്രത്തിന്റെ പ്രദർശനം തടയാനായി ഹിന്ദുത്വ പ്രവർത്തകർ എത്തി. എന്നാൽ, ഒരു കൂട്ടം സിഖുകാർ അവരെ തടയുകയായിരുന്നു.
ആമിർ ഖാൻ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്ന് ആരോപിച്ച് ശിവസേന പ്രവർത്തകരാണ് താരത്തിന്റെ പുതിയ ചിത്രമായ 'ലാൽ സിങ് ഛദ്ദ'യുടെ പ്രദർശനം നടക്കുന്ന എം.ബി.ഡി മാളിനു മുന്നിൽ പ്രതിഷേധവുമായി സംഘടിച്ചത്. ചിത്രത്തിന്റെ പ്രദർശനം അനുവദിക്കില്ലെന്ന് ഇവർ വ്യക്തമാക്കി. ഇതോടെയാണ് സാമൂഹിക സംഘടനയായ സിഖ് താൽ-മേൽ കമ്മിറ്റി നേതാക്കൾ സ്ഥലത്തെത്തി.
'ലാൽ സിങ് ഛദ്ദ'യിൽ ആക്ഷേപാർഹമായ ഒന്നുമില്ലെന്നും എട്ടുകൊല്ലം മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ (പി.കെ) പേരിൽ ഇപ്പോഴത്തെ സിനിമയുടെ പ്രദർശനം തടയുന്നത് അനുവദിക്കാനാകില്ലെന്നും ഇത്തരം ഭീഷണികളും അക്രമങ്ങളും അനുവദിക്കില്ലെന്നും സിഖ് നേതാക്കൾ വ്യക്തമാക്കി. അതോടെ പ്രതിഷേധവുമായെത്തിയ ഹിന്ദുത്വ സംഘം പിന്തിരിയുകയും ചെയ്തു.
അതേസമയം, വാരണാസിയിൽ ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തിനെതിരെ ഹിന്ദു സംഘടനാ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഉത്തർപ്രദേശിൽ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പി.കെ എന്ന ചിത്രത്തിൽ താരം ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതായിരുന്നു അവരുടെയും കാരണം. 2014ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം 'പി.കെ' വലിയ വിജയമായി മാറിയിരുന്നു.
താൻ നിർമിച്ച് നായകനായ ചിത്രത്തിനെതിരെയുള്ള ബഹിഷ്‌ക്കരണ കാംപയിനുമായി ബന്ധപ്പെട്ട് ആമിർ ഖാൻ തന്നെ നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വലിയ മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മണിക്കൂറുകളായി ഉറങ്ങിയിട്ടില്ലെന്നുമാണ് ദിവസങ്ങൾക്കു മുൻപ് അദ്ദേഹം വെളിപ്പെടുത്തിയത്. ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും ആമിർ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.