വിവരമില്ലായ്മ സംവിധായകൻ രഞ്ജിത്തിന് അലങ്കാരമെന്ന് സി. ദിവാകരന്‍; ചലച്ചിത്ര പുരസ്കാര വേദിയിലേക്ക് പ്രതിഷേധ മാർച്ച്
text_fieldsതിരുവനന്തപുരം: നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് തെറ്റുതിരുത്തണമെന്നും ചരിത്രം പഠിക്കണമെന്നും സി.പി.ഐ നേതാവ് സി. ദിവാകരന്‍. ചലച്ചിത്ര പുരസ്കാര നിർണയത്തിൽ സംവിധായകനും സി.പി.ഐ അനുഭാവിയുമായ വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ടിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് സാമൂഹിക മുന്നേറ്റ മുന്നണി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയായ നിശാഗന്ധിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവരമില്ലായ്മ ഒരു അലങ്കാരമായി ഇനിയെങ്കിലും രഞ്ജിത്ത് കൊണ്ടു നടക്കരുത്. മലയാള സിനിമയില്‍ സവര്‍ണ മാടമ്പി ഫ്യൂഡലിസ്റ്റ് സിനിമകള്‍ മാത്രം എടുത്തു പരിചയമുള്ള വ്യക്തിയാണ് രഞ്ജിത്ത്. അദ്ദേഹത്തിന് അവര്‍ണന്‍റെ സായുധ സമര പോരാട്ടങ്ങള്‍ക്ക് വീര്യം നല്‍കിയ മഹാത്മാവിനെ കേവലം ചവര്‍ എന്ന് തോന്നുന്നത് സ്വാഭാവികം. രഞ്ജിത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് കളങ്കമാണെന്നും അദ്ദേഹത്തെ സ്ഥാനത്തു നിന്ന് മാറ്റണമെന്നും സി. ദിവാകരന്‍ ആവശ്യപ്പെട്ടു.
സംഘടനാ ചെയര്‍മാന്‍ കെ.പി. അനില്‍ദേവ് അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്‍, ശിവഗിരി സന്യാസിമാരായ സ്വാമി വിശ്രുതാനന്ദ, സ്വാമി പ്രണവാനന്ദ, ബ്രഹ്മചാരി സജീവ് നാണു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.