'ഹോം' സിനിമയെ അവാർഡിന് പരിഗണിക്കാത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം; മികച്ച അഭിനയത്തിന് സർക്കാറിന് അഭിവാദ്യങ്ങളെന്ന്
text_fieldsപ്രേക്ഷകപ്രീതി നേടിയിട്ടും സംസ്ഥാന ചലച്ചിത്ര അവാർഡ് പട്ടികയിൽ 'ഹോം' പൂർണമായി പുറത്താക്കപ്പെട്ടതിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം. ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമർശിച്ചും രംഗത്തെത്തിയത്.
ചിത്രത്തിന്റെ നിർമാതാവ് കൂടിയായ വിജയ് ബാബുവിന്റെ പേരിൽ വിവാദങ്ങൾ കത്തിനിൽക്കുന്നതാണ് ചിത്രത്തെ തഴയാൻ കാരണമെന്നാണ് ആരോപണങ്ങൾ. സിനിമക്ക് അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുൾപ്പെടെയുള്ള പുരസ്കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും സംവിധായകൻ റോജിൻ തോമസ് പറഞ്ഞു. മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണെന്നും സംവിധായകൻ വ്യക്തമാക്കി.
അതേസമയം, മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിന് നൽകാത്തതിൽ പരോക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ഷാഫി പറമ്പിൽ രംഗത്തെത്തി. 'ഹോം' സിനിമയിലെ ഇന്ദ്രൻസ് കഥാപാത്രം ഒലിവർ ട്വിസ്റ്റിന്റെ ചിത്രം ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ചു.
ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ് അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്നും 'അടിമകൾ ഉടമകൾ' നല്ല സിനിമയാണെന്നും ടി. സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.
'ഹോം' സിനിമയിൽ ഇന്ദ്രൻസ് പറയുന്ന ഡയലോഗ് ഉപയോഗിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ, ഇനി പറയാൻ പോണത് നീ വിശ്വസിക്കത്തേയില്ല...."എന്നും മികച്ച അഭിനയത്തിന് സർക്കാറിന് അഭിവാദ്യങ്ങൾ... എന്നും രാഹുൽ ഫേസ്ബുക്കിൽ പ്രതികരിച്ചു.
ഫേസ്ബുക്കിലെ മറ്റ് പ്രതികരണങ്ങൾ:
പ്രിയപെട്ട ഇന്ദ്രൻസ് സാർ,
താങ്കൾ സൗമ്യനും നിഷ്കളങ്കനുമായ നല്ല മനുഷ്യനാണ്, ഭൂരിഭാഗം സിനിമാസ്വാദകരായ മലയാളികൾക്കുമൊപ്പം ഞാനും പ്രതീക്ഷിച്ചിരുന്നു നല്ല നടനുള്ള അവാർഡ് താങ്കൾക്ക് ആയിരിക്കുമെന്ന് കാരണം ഈ ഇടേ ഇറങ്ങിയ സിനിമകളിലെല്ലാം താങ്കൾ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു, പക്ഷെ താങ്കൾക്കറിയില്ലല്ലോ ഈ കെട്ട കാലത്ത് കലയോട് ആത്മാർപ്പണം മാത്രം പോരാ എന്നുള്ളത്,
ഭരണവർഗത്തിന്റെ ചട്ടുകങ്ങളായി മാറേണ്ടിടത്ത് അതായി മാറണം, എഴുതി തയ്യാറാക്കിയ തിരക്കഥക്ക് തനിമ ചോരാതെ പൊതുജനത്തിനു മുമ്പിൽ അഭിനയിക്കണം, ചാനൽ ക്യാമറകൾക്ക് മുൻപിൽ പ്രതികരണ ശേഷിയുള്ള വെറും പൗരനായി വിണ്ണിൽ നിന്നിറങ്ങിവന്ന് താരം അട്ടഹസിക്കണം അതാണ് അഭിനയം,
പ്രിയ ഇന്ദ്രൻസ് സാർ താങ്കൾക്ക് അതാണ് അറിയാത്തതും, നടു റോഡിൽ കാണിച്ച ഷോക്ക് പ്രത്യുപകാരമായി നൽകിയ അവാർഡിനേക്കാൾ എത്രയോ മുകളിലാണ് പ്രേഷക ഹൃദയങ്ങളിൽ താങ്കൾകുള്ള സ്ഥാനം,,, ആ തട്ട് താണ് തന്നെയിരിക്കും,
- റനീസ് കവാട്
💞💞ഇന്ദ്രൻസ് ചേട്ടന് എല്ലാവിധ വിജയാശംസകളും 💞💞ഹോം സിനിമ വിജയിച്ചതിലുള്ള അസൂയക്കും. അതിൽ അഭിനയിച്ച ഇന്ദ്രൻസ് ചേട്ടൻറെ കഷണ്ടിക്കും മരുന്നില്ല . ഇവിടെ കുറച്ച് ആളുകൾ ഉണ്ട് അവരാണ് കേരളത്തിലെ ഏറ്റവും വലിയ സിനിമ സംവിധായകർ എന്ന് സ്വയം വിശ്വസിച്ച് ഇരിക്കുന്നവർ പുതിയ ആളുകൾ വന്നു സിനിമ സംവിധാനം ചെയ്ത് വിജയിച്ചാൽ ഈ കൂട്ടർക്ക് ഇരിക്കാനും പറ്റില്ല നിൽക്കാൻ പറ്റില്ല ഒരു മൂട്ടിൽ തീ പിടിച്ച അവസ്ഥയാണ്.. 😂😂 ഇനി പപ്പു ചേട്ടൻ പറഞ്ഞ പോലെ ...മിണ്ടാതെ... ഉരിയാടാതെ...ഉംം🌹🌹
-ജോൺ കെ.എക്സ്
ജനങ്ങൾ മനസ്സു കൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു... സർക്കാർ കയ്യിൽ കൊടുക്കുന്ന അവാർഡിനേക്കാളും ജനങ്ങൾ മനസ്സിൽ കൊടുക്കുന്ന അവാർഡ് തന്നേയാണ് വലുത്
-ഷക്കീർ ശുകപുരം
വിജയ് ബാബുവിനെതിരായ പരാതിയും ഹോമിന് പുരസ്കാരം നൽകാത്തതും തമ്മിൽ ബന്ധമില്ലെന്ന് ജൂറി ചെയർമാൻ സയ്യിദ് അഖ്തർ മിർസ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഹോമിന് പുരസ്കാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സർക്കാറിന് ബന്ധമില്ലെന്നും അവാർഡ് നിർണയത്തിൽ മന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്നും സജി ചെറിയാനും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.