ജയ് ഭീമിനെതിരെ ട്വിറ്ററിൽ പ്രതിഷേധം; കാരണം ഇതാണ്
text_fieldsന്യൂഡൽഹി: ആമസോൺ പ്രൈമിൽ റിലീസായ നടൻ സൂര്യയുെട 'ജയ് ഭീം' മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിലെ ഒരു രംഗം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിച്ച പൊലീസ് കഥാപാത്രം ഹിന്ദി സംസാരിക്കുന്നയാളെ തല്ലുന്ന രംഗമാണ് വിവാദമായിരിക്കുന്നത്.
ഹിന്ദിയിൽ സംസാരിച്ചതിന് പ്രകാശ് രാജിന്‍റെ കഥാപാത്രത്തോട് ഒരാെള തല്ലുകയും തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതുമാണ് രംഗം. രംഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് പ്രകാശ് രാജും അണിയറപ്രവർത്തകരും ശ്രമിക്കുന്നതെന്നാണ് ചില ട്വിറ്റർ ഉപയോക്താക്കൾ ആരോപിക്കുന്നത്.
എന്നാൽ വിവാദ രംഗത്തിൽ പ്രകാശ് രാജിന്‍റെ കഥാപാത്രം ഹിന്ദി സംസാരിച്ചതിന്‍റെ പേരിലല്ല മറ്റേയാളെ അടിച്ചതെന്നും ഹിന്ദി സംസാരിച്ച് ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നുവെന്ന് മറുവാദവും ചിലർ ഉന്നയിക്കുന്നു.
രംഗത്തിന്‍റെ പേരിൽ പ്രകാശ് രാജിന് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷകളോ സംസാരിക്കാത്തതിന്‍റെ പേരിൽ ഒരു വ്യക്തിയോട് ഇത്തരമൊരു കാര്യം ചെയ്യാൻ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവദിക്കുന്നതെന്നും അങ്ങനെയെങ്കിൽ സിനിമകളിൽ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സംസാരിച്ചതിന് എത്ര കന്നഡിഗർ നിങ്ങളെ തല്ലണം എന്നും ഒരാൾ പ്രകാശ്രാജിനോട് ചോദിച്ചു.
ജയ് ഭീമിനെ പിന്തുണച്ചും നിരവധിയാളുകൾ ട്വീറ്റ് ചെയ്യുന്നുണ്ട്. മറ്റേത് ഭാഷ സംസാരിച്ചാലും പ്രകാശ് രാജിന്‍റെ കഥാപാത്രം അയാളെ അടിക്കുമായിരുന്നുവെന്നാണ് അവർ പറയുന്നത്. തമിഴ് ഭാഷ സംസാരിക്കാൻ അറിഞ്ഞിട്ടും ആശയക്കുഴപ്പത്തിലാക്കാനായി അറിയാത്ത ഭാഷ സംസാരിച്ചതിനെതിരെയായിരുന്നു പ്രകാശ് രാജിന്‍റെ കഥാപാത്രത്തിന്‍റെ പ്രതികരണമെന്നായിരുന്നു അവരുടെ ന്യായീകരണം.
'ഹായ്, ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാർക്ക് എതിരല്ല രംഗം. ആ കഥാപാത്രം ഹിന്ദിയിൽ സംസാരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുക്യായിരുന്ന (പ്രകാശ് രാജിന് മനസ്സിലാവാതിരിക്കാൻ). ഈ തന്ത്രം അറിഞ്ഞ് അയാൾ തല്ലി തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നു. തമിഴ് സിനിമാ പ്രവർത്തകർ ഹിന്ദി ഭാഷക്ക് എതിരല്ല' -ട്വിറ്റർ ഉപയോക്താവ് കുറിച്ചു.
തമിഴ്, തെലുഗു പതിപ്പുകളിൽ മാത്രമാണ് ഹിന്ദിയിൽ സംസാരിക്കുന്നയാളെ തല്ലുന്നത്. എന്നാൽ സിനിമയുടെ ഹിന്ദി മൊഴിമാറ്റ പതിപ്പിൽ 'സത്യം പറയൂ' എന്നാണ് ആവശ്യപ്പെടുന്നത്. എല്ലാ പതിപ്പുകളിലും ഇതേ സംഭാഷണം തന്നെ ഉപയോഗിക്കാൻ പാടില്ലായിരുന്നോ എന്നും ചോദിക്കുന്നവരുണ്ട്.
'സൂരരൈ പോട്ര്'വിന് ശേഷം നേരിട്ട് ഒ.ടി.ടി റിലീസാകുന്ന സൂര്യയുടെ രണ്ടാമത്തെ ചിത്രമാണ് ജയ് ഭീം. നവംബർ രണ്ടിന് ആമസോൺ പ്രൈം വഴി റിലീസായ 'ജയ് ഭീം' ടി.ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1990കളിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസി വിഭാഗമായ ഇരുള സമുദായത്തിന് വേണ്ടി പോരാടുന്ന അഭിഭാഷകനായ ചന്ദ്രുവായാണ് സൂര്യ എത്തുന്നത്.
ചിത്രത്തിലെ മികച്ച പ്രകടനത്തിന് മലയാളിയായ നടി ലിജോ മോള്‍ കൈയ്യടി നേടിയിരുന്നു. രജിഷ വിജയൻ, പ്രകാശ് രാജ്, ഗുരു സോമസുന്ദരം, റാവോ രമേശ്, എം.എസ്. ഭാസ്കർ എന്നിവരാണ് മറ്റ് താരങ്ങൾ. 2ഡി എൻറർടെയിൻമെൻറിന്‍റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.