പുനീത് രാജ്കുമാറിന്‍റെ 'അപ്പു' റീ റീലീസ് ചെയ്തു; ഷോകൾ ഹൗസ് ഫുൾ
text_fieldsഅന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ 2002-ൽ പുറത്തിറങ്ങിയ 'അപ്പു' എന്ന ചിത്രം കർണാടകയിൽ റീ റീലീസി ചെയ്തു. നടന്റെ 50-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കർണാടകയിലുടനീളമുള്ള തിയേറ്ററുകളിൽ ചിത്രം വീണ്ടും റിലീസ് ചെയ്തത്. 1975 മാർച്ച് 17-നാണ് അദ്ദേഹം ജനിച്ചത്.
ആരാധകർ പുലർച്ചെ അഞ്ച് മണിയോടെ തന്നെ തിയറ്ററിൽ എത്തി. പലയിടത്തും രാവിലെ 6.30 നും 10.15 നും ഇടയിലുള്ള ഷോകൾ ഹൗസ് ഫുള്ളായിരുന്നു. ബംഗാരപേട്ട്, ചിക്കമഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരും ചിത്രം കാണാൻ എത്തി.
"ചെറുപ്പം മുതൽ പുനീത് രാജ്കുമാറിന്റെ വലിയ ആരാധകനായിരുന്നു, അദ്ദേഹത്തെ ഓർമിക്കാൻ ഈ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിച്ചു" -എന്ന് ആന്ധ്രാപ്രദേശിലെ കരപ്പയിൽ നിന്ന് വന്ന ഒരു യുവാവ് പറഞ്ഞു. കന്നഡ നടൻ ചേതൻ കുമാർ ഉൾപ്പെടെ നിരവധി പേർ സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. അപ്പുവിനെ വളരെ ഇഷ്ടമാണെന്നും സിനിമ കണ്ടപ്പോൾ നൊസ്റ്റാൾജിയ തോന്നിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തിയേറ്റർ കോംപ്ലക്‌സിൽ നടന്റെ വലിയ കട്ട് ഔട്ട് സ്ഥാപിച്ചിരുന്നു. പുനീതിന്റെ ചിത്രം പതിച്ച ടീ-ഷർട്ടുകൾ ധരിച്ച ആരാധകർ പടക്കം പൊട്ടിച്ച് ചിത്രത്തെ സ്വീകരിച്ചു. പുതിയ റിലീസുകൾക്ക് പോലും ഇത്രയും സ്വീകരണം ലഭിക്കാറില്ലെന്ന് പുനീതിന്‍റെ ആരാധകർ പറഞ്ഞു.
2021 ഒക്ടോബർ 29നാണ് പുനീത് രാജ്കുമാർ ഹൃദയാഘാതം മൂലം മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.