'പുഷ്പ 2' റിലീസിനിടെ യുവതിയുടെ മരണം; അല്ലു അർജുന്റെ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി
text_fieldsഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. റിമാൻഡ് കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് അല്ലു വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഓൺലൈനായാണ് നടൻ നാമ്പള്ളി മജിസ്ട്രേറ്റ് കോടയിൽ ഹാജരായത്.
കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിന് കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റിയത്.
ഈ മാസം നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രിമിയർ ഷോ കാണാൻ എത്തിയത്. അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്. രേവതിയുടെ എട്ടു വയസ്സുള്ള മകൻ ശ്രീ തേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സന്ധ്യാ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ അല്ലു അർജുനെ കേസിൽ പ്രതി ചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ അറസ്റ്റിലായ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈകോടതി നാലു ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു. ഒരു ദിവസം ജയിലിൽ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.