സിനിമാ പേര് അറംപറ്റിയോ?; ആദ്യ ഷോ ബാക്കിവച്ച് ഇന്ത്യയുടെ ഓസ്കാർ താരം വിടവാങ്ങി
text_fieldsചെല്ലോ ഷോ എന്നാൽ അവസാന പ്രദർശനം എന്നാണർഥം. ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായ സിനിമയുടെ പേരാണ് 'ചെല്ലോ ഷോ'. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി (15) അന്തരിച്ചു. ഒക്ടോബർ 14നാണ് ചെല്ലോ ഷോ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നേതന്നെ കുഞ്ഞുതാരം വിടവാങ്ങിയത് സിനിമാ പ്രേമികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരമാണ് രാഹുൽ കോലി. ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ. നേരത്തേതന്നെ അർബുദ ബാധിതനായിരുന്നു ഈ കൊച്ചുമിടുക്കൻ. ഞായറാഴ്ച്ച രാഹുലിന് കടുത്ത പനി ഉണ്ടായിരുന്നെന്നും മൂന്നുതവണ രക്തം ഛർദ്ദിച്ചിരുന്നുവെന്നും അച്ഛൻ രാമു പറഞ്ഞു. അവൻ വളരെ സന്തോഷവാനായിരുന്നു. ഇനി ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാവുമെന്ന് വിശ്വസിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകൻ പാൻ നളിൻ തന്റെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്‌നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് 'ചെല്ലോ ഷോ'യിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.മികച്ച അന്താരാഷ്‌ട്ര ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ചെല്ലോ ഷോ ഓസ്കാറിൽ മത്സരിക്കുന്നത്. രാഹുലിന്റെ സംസ്‌കാരം ജാംനഗറിനടുത്തുള്ള ഹാപ്പ ഗ്രാമത്തിലെ ജന്മനാട്ടിൽ നടക്കും. അന്ത്യകർമങ്ങൾ നിർവഹിച്ച ശേഷം കുടുംബം ഒരുമിച്ച് ചെല്ലോ ഷോ കാണുമെന്ന് രാഹുലിന്റെ പിതാവ് രാമു കോലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.