'പാവം പിടിച്ച ഈ മനുഷ്യനെ എങ്ങനെ വില്ലനായി കാണും'; ടർബോയിലെ വില്ലനെ നെഞ്ചിലേറ്റി മലയാളികൾ
text_fieldsടർബോയിൽ മമ്മൂട്ടിയുടെ ജോസിനൊപ്പം സക്രീനിൽ നിറഞ്ഞ നിന്ന കഥാപാത്രമാണ് വെട്രിവേൽ ഷൺമുഖസുന്ദരം. ജോസിന് വെല്ലുവിളി ഉയർത്തിയ കഥാപാത്രത്തെ അവതരിപ്പിച്ചത് കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ്. 'വാട്ട് എ ബ്ലഡി ക്ലീഷെ' എന്ന ഡയലോഗുമായി, ക്രൂരമായ ചിരിയും തീക്ഷ്ണമായ നോട്ടവുമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട വെട്രിവേൽ ഷൺമുഖസുന്ദരത്തെ അത്രവേഗമൊന്നും മലയാളി പ്രേക്ഷകർ മറക്കില്ല.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഓൺസ്ക്രീനിൽ പ്രേക്ഷകരെ വെറുപ്പിച്ച ക്രൂരനായ വില്ലന്റെ ഉഗ്രൻ മലയാളം പാട്ടാണ്. ടർബോ പ്രെമോഷൻ അഭിമുഖത്തിലാണ് നടൻ മലയാളം ഗാനം ആലപിച്ചത്. 1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ‘എല്ലാരും ചൊല്ലണ്.. എല്ലാരും ചൊല്ലണ്.. കല്ലാണീ നെഞ്ചിലെന്ന്...’ എന്ന് തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. നടന്റെ മലയാളം പാട്ട് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ രാജ് ബി ഷെട്ടിയുടെ പാട്ടിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. 'മിസ്റ്റർ, താങ്കൾ ഒരു വില്ലൻ ആണെന്ന് മറന്നു പോകുന്നു', 'ഈ പാവം പിടിച്ച മനുഷ്യനെയാണല്ലോ നിങ്ങളെല്ലാരും കൂടി പിടിച്ചു വില്ലൻ ആക്കിയത്', 'ഇനി എങ്ങനെ നിങ്ങളെ വില്ലനായി കാണും' എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.
പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും രാജ് ബി ഷെട്ടിക്കുമൊപ്പം തെലുങ്ക് നടൻ സുനിലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.