'എന്നിലെ നടനെ കണ്ടെത്തിയയാൾ' -പഴയ സഹപ്രവർത്തകന് നന്ദി പറഞ്ഞ് രജനി; അറിയാം രാജ് ബഹാദൂറിനെ
text_fieldsഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽകെ അവാര്‍ഡ് നേടിയപ്പോൾ സൂപ്പർസ്റ്റാർ രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നടൻ കമൽഹാസനുമൊക്കെ ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞിരുന്നു. ആ പട്ടികയിൽ മറ്റൊരാൾ കൂടി ഉൾപ്പെട്ടിരുന്നു; രാജ് ബഹാദൂർ. രജനിയുടെ സിനിമ-രാഷ്ട്രീയ ബന്ധങ്ങളിലൊന്നും തിരഞ്ഞാൽ രാജ് ബഹാദൂറിനെ കണ്ടെത്താനാകില്ല. അതിന്, അരനൂറ്റാണ്ടോളം പിന്നിലേക്ക് രജനിയുടെ ജീവിതത്തിലൂടെ പോകണം.
പിന്നീട് രജനീകാന്ത് ആയി മാറിയ ശിവാജ് റാവു ഗെയ്ക്വാദ് കണ്ടക്ടറായിരുന്ന ബസിന്‍റെ ഡ്രൈവറായിരുന്നു രാജ് ബഹാദുർ. രജനിയിലെ നടനെ പ്രോത്സാഹിപ്പിച്ചതും ഒരു സിനിമാനടനാകണമെന്ന മോഹത്തിന് കരുത്ത് പകര്ന്നതുെമാക്കെ രാജ് ബഹാദൂറാണ്. ബെംഗളൂരുവില്‍ ശ്രീനഗരയില്‍ നിന്ന് മജസ്റ്റിക്കിലേയ്ക്കുള്ള പത്താം നമ്പര്‍ ബസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. 'എന്നിലെ നടനെ ആദ്യമായി കണ്ടെത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജ് ബഹാദൂറിന് നന്ദി'- പുരസ്കാരലബ്ധിയിൽ നന്ദി പറഞ്ഞ് രജനി പുറത്തിറക്കിയ കത്തില്‍ പറയുന്നു.
കണ്ടക്ടറായി ജോലി ചെയ്യുന്ന കാലത്ത് രജനിയുടെ കഴിവ് തിരിച്ചറിഞ്ഞ രാജ് ബഹാദൂറാണ് അഡയാറില്‍ അഭിനയം പഠിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തത്. കണ്ടക്ടറായി നിന്ന് കഴിവ് നശിപ്പിക്കരുതെന്ന് ഉപദേശിക്കുമായിരുന്ന ബഹാദൂർ വീട്ടിലെ പശു വളര്‍ത്തലില്‍ നിന്ന് കിട്ടുന്ന അധികവരുമാനമാണ് രജനിയെ സഹായിക്കാനായി വിനിയോഗിച്ചത്. അഡയാറിലെ പഠനം കഴിഞ്ഞ ശിവാജി റാവു കെ. ബാലചന്ദറിന്‍റെ 'അപൂര്‍വ രാഗങ്ങള്‍' വഴി കമല്‍ഹാസനും ശ്രീദേവിക്കുമൊപ്പം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു. രജനീകാന്ത് എന്ന സൂപ്പർ താരമായി, തമിഴരുടെ സ്റ്റൈൽ മന്നനായി. പക്ഷേ, ഇന്നും ബഹാദൂർ രജനിയെ വിളിക്കുന്നത് പഴയ പേരാണ്- ശിവാജി എന്ന്.
തമിഴകം കീഴടക്കിയിട്ടുപോലും രജനി രാജ് ബഹാദൂറിനെ മറന്നില്ല. മിക്ക വിശേഷ അവസരങ്ങളിലും അവർ ഒന്നിക്കും. പുതിയ സിനിമ ഇറങ്ങുേമ്പാൾ രജനി ബഹാദൂറിന്‍റെ അഭിപ്രായത്തിനായി കാത്തിരിക്കും. രജനിയുടെ വീട്ടിലെ ആഘോഷങ്ങളിലെല്ലാം പ്രത്യേക ക്ഷണിതാവാണ് ബഹാദൂർ. അടുത്തിടെ ഇരുവരും തമ്മിൽ കണ്ട സന്ദർഭം രാജ് ബഹാദൂർ ഓർത്തെടുത്തു. അന്ന് രജനിയെ പ്രകോപിപ്പിക്കാനായി ബഹാദൂർ പറഞ്ഞു -'ശിവാജി നിനക്ക് പ്രായമായി'. ബഹാദൂറിനെ ഉടൻ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് രജനി ചെയ്തത്. എന്നിട്ട് ഷർട്ട് ഊരിമാറ്റിയ ശേഷം തെന്റ മെലിഞ്ഞ വയർ കാണിച്ചിട്ട് 'അപൂര്‍വ രാഗങ്ങള്‍' സിനിമയിലൂടെ പ്രശസ്തമായ ഡയലോഗ് ചോദിച്ചു -'ഇത് എപ്പടിയിരിക്ക്?' (ഇതെങ്ങിനെയുണ്ട്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.