റിലീസായി വെറും 10 ദിവസം; ജയിലറിന്‍റെ കലക്ഷൻ 500 കോടി പിന്നിട്ട് കുതിക്കുന്നു
text_fieldsരജനികാന്ത് ചിത്രമായ ജയിലറിന്‍റെ ഏറ്റവും പുതിയ കലക്ഷൻ റിപ്പോർട്ട് പുറത്ത്. ‘ജയിലർ’ രണ്ടാം വാരത്തിലും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. പത്തു ദിവസം പിന്നിടുമ്പോൾ ആഗോള തലത്തിൽ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് കലക്റ്റ് ചെയ്തത് 500 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 245.9 കോടി രൂപയോളം കളക്റ്റ് ചെയ്തു.
രജനികാന്ത്-അക്ഷയ് കുമാർ കൂട്ടുകെട്ട് ചിത്രമായ 2.0, പൊന്നിയിൻ സെൽവൻ 1 എന്നിവയ്ക്ക് ശേഷം 500 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയിലർ. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറില്‍ മോഹൻലാലും ശിവ് രാജ്‍കുമാറും രജനികാന്തിനൊപ്പം നിര്‍ണായക അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രമ്യകൃഷ്ണന്‍, വിനായകന്‍, യോഗിബാബു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘ജയിലർ’ നിർമ്മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിൽ തമന്ന അഭിനയിച്ച കാവാലയ്യ എന്ന ഗാനം വൈറലായിരുന്നു.
മൂന്ന് ദിവസം കൊണ്ട് ജയിലർ ഇന്ത്യയിൽ നിന്ന് 100 കോടിയിലധികം നേടിയിരുന്നു. ആദ്യ ദിനം 48.35 കോടിയായിരുന്നു കലക്ഷൻ. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 കോടിയും കളക്ഷൻ നേടി. പൊലീസ് ഉദ്യോഗസ്ഥനായ തന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെടുന്ന ഒരു ജയിലറുടെ കഥയാണ് നെൽസൺ ചിത്രത്തിലൂടെ പറയുന്നത്.
ജയിലറിന്റെ വിജയത്തിന് പിന്നാലെ രജനികാന്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചിരുന്നു. യോഗിയുടെ വീട്ടിലെത്തിയ രജനി അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങിയിരുന്നു. യോഗിക്കൊപ്പം ജയിലറിന്റെ സ്പെഷ്യൽ ഷോയും രജനി കണ്ടു. യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സിനിമ കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.