'രജനീകാന്തും ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ'; ബോക്സ് ഓഫിസിൽ തീപാറും...
text_fieldsകാത്തിരിപ്പിനൊടുവിൽ രജനീകാന്ത് ചിത്രം കൂലി തിയറ്ററിൽ എത്തുന്നു. ചിത്രം തിയറ്ററിൽ എത്തുന്ന വിവരം സംവിധായകൻ തന്നെയാണ് അറിയിച്ചത്. ആഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചു. രജനികാന്തിന്‍റെ കഥാപാത്രത്തിന്‍റെ പുതിയ പോസ്റ്റർ കൂലിയുടെ നിർമാതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ആമിർ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം. 'കൂലി' ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന വാർ 2വുമായി ക്ലാഷ് റിലാസാകുമെന്നാണ് സൂചന.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് കൂലിയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദർ ആണ്. അയൻ മുഖർജി ഒരുക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് 'വാർ 2'. 'വാർ', 'പത്താൻ', 'ടൈഗർ 3' എന്നീ സിനിമകൾക്ക് ശേഷം സ്പൈ യൂനിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണിത്.
2019ൽ പുറത്തിറങ്ങിയ വാറിന്‍റെ രണ്ടാം ഭാഗമാണ് വാർ 2. ടൈഗർ ഷ്രോഫും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രീകരണം ഈ മാസം പൂർത്തിയാക്കുമെന്നാണ് വിവരം. റിലീസ് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആക്ഷൻ ത്രില്ലർ ചിത്രം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എത്തുമെന്ന് പ്രമുഖർ അഭിപ്രായപ്പെടുന്നു.
കൂലിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഏത് ചിത്രമായിരിക്കും കൂടുതൽ കലക്ഷൻ നേടുക എന്നതാണ് പ്രധാന ചർച്ച വിഷയം. രണ്ടു സിനിമകളിലും പ്രതീക്ഷയുണ്ടെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സൗത്തിൽ കൂലിയും നോർത്തിൽ വാർ 2 വും വലിയ കലക്ഷൻ നേടുമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.