റിലീസ് ഉറപ്പിച്ചു; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർ.ആർ.ആർ' മാർച്ചിൽ തിയറ്ററുകളിൽ
text_fieldsകൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആർ മാർച്ച് 25ന് റിലീസ് ചെയ്യും. ഒമിക്രോൺ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. പകരം രണ്ടു റിലീസ് തീയതികൾ നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഇപ്പോൾ മാർച്ച് 25 ന് തന്നെ ചിത്രം തിയറ്ററിൽ എത്തുമെന്ന സന്തോഷ വാർത്തയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന 'ആർ.ആർ.ആർ' (രൗദ്രം, രണം, രുധിരം) കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്.ആർ പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത് . തെലുഗു സൂപ്പർ താരങ്ങളായ രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം 400 കോടി മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.
1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീമും അല്ലുരി സീതാരാമ രാജുവും.
ആലിയ ഭട്ട്, അജയ് ദേവ്ഗൻ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാർ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വി.എഫ്.എക്സ് വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് ആണ് റൈറ്റ്സ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുഗു, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ചിത്രത്തിന്റെ പ്രചരണാർത്ഥം എച്ച്.ആർ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തിൽ എസ്.എസ്. രാജമൗലിയും താരങ്ങളും തിരുവനന്തപുരത്തു നടത്തിയ പരിപാടി വൻ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.