ആർ.ആർ.ആറിന് രണ്ട് റിലീസ് തീയതികൾ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. ഇതോടെ നിരവധി ചിത്രങ്ങൾ റിലീസ് മാറ്റിവെച്ചു. ഈ വർഷം ജനവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർ.ആർ.ആർ' ആണ് മാറ്റിവെച്ചതിൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
കേവിഡ് മഹാമാരി നിയന്ത്രണവിധേയമാകുന്ന മുറക്ക് ചിത്രം തിയറ്ററിലെത്തിക്കാനുള്ള പദ്ധതിയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മാർച്ച് 18നോ ഏപ്രിൽ 28നോ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
'രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുകയും എല്ലാ തിയേറ്ററുകളും പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്താൽ 2022 മാർച്ച് 18 ന് ചിത്രം റിലീസ് ചെയ്യാൻ ഞങ്ങൾ തയാറാണ്. അല്ലെങ്കിൽ ആർ.ആർ.ആർ 2022 ഏപ്രിൽ 28 ന് റിലീസ് ചെയ്യും'-അണിയറപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
രാംചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗൻ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ഡി.വി.വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ദാനയ്യയാണ് നിർമിച്ചിരിക്കുന്നത്.
കെ.വി. വിജയേന്ദർപ്രസാദ് രചന നിർവഹിച്ച ചിത്രം 400 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. അല്ലൂരി സീതാരാമരാജു, കൊമരു ഭീം എന്നീ സ്വാതന്ത്രസമര സേനാനികളുടെ വേഷത്തിലാണ് രാംചരണും എൻ.ടി.ആറുമെത്തുന്നത്. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കോവിഡ് കാരണം ഒന്നിലേറെ തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.