'രാമായണ' ഓപ്പൺഹൈമർ പോലെ ആഗോള ശ്രദ്ധ നേടും; പ്രതീക്ഷകൾ പങ്കുവെച്ച് നിർമാതാവ്
text_fieldsരൺബീർ കപൂറും സായ് പല്ലവിയും ഒന്നിക്കുന്ന നിതേഷ് തിവാരിയുടെ 'രാമായണ' ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള സംഭാഷണത്തിനിടെ ചിത്രത്തിന്‍റെ നിർമാതാക്കളിൽ ഒരാളായ നമിത് മൽഹോത്ര ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് എന്നീ ചിത്രങ്ങൾ പോലെ രാമായണയും ആഗോള ശ്രദ്ധ നേടുമെന്നാണ് നമിത് വിശ്വസിക്കുന്നു.
ഇതിന് മുമ്പ് ബിഗ് സ്‌ക്രീനിൽ രാമായണകഥ എത്തിയത് ഓം റൗട്ടിന്‍റെ ആദിപുരുഷിലായിരുന്നു. പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ സിനിമ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ നിതേഷ് തിവാരിയുടെ രാമായണം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് നമിത് വിശ്വസിക്കുന്നു. കഥ ശരിയായി പറയേണ്ടതിന്‍റെ ആവശ്യകത ടീമിന് മനസ്സിലായിട്ടുണ്ടെന്ന് നമിത് പറയുന്നു. ഇന്ത്യൻ സ്റ്റോറി ടെല്ലിങ്ങിനെ ആഗോളതലത്തിൽ എത്തിക്കാനാണ് രാമായണത്തിലൂടെയുള്ള ശ്രമമെന്നും നമിത് പറയുന്നു.
"ഇന്ത്യയെ അഭിമാനത്തിലെത്തിക്കുക മാത്രമല്ല, ഇന്ത്യൻ സ്റ്റോറി ടെല്ലിങ്ങിനെ ഉത്തേജിപ്പിക്കുകയും ആഗോള സിനിമ ആഘോഷിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഓപ്പൺഹൈമർ, ഫോറസ്റ്റ് ഗമ്പ് പോലെ യൂനിവേഴ്സൽ ചിത്രമാണിത്. അവരുടെ കഥകൾ സാർവത്രികമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ കഥയും സാർവത്രികമാണ്" -അദ്ദേഹം പറയുന്നു.
രണ്ടുഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുക. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ സായ് പല്ലവി സീതയായി എത്തുമ്പോൾ രാമനായി അഭിനയിക്കുന്നത് രൺബീർ കപൂർ ആണ്. തെന്നിന്ത്യൻ സൂപ്പർ താരം യാഷ് ആണ് രാവണനായി എത്തുന്നത്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ‘ഹനുമാനെ' അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.