രൺബീർ കപൂറിനെ രാമനായി ആളുകൾ അംഗീകരിക്കില്ല; കാരണം 'അനിമൽ' ; സുനിൽ ലാഹ്‌രി
text_fieldsപ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണം. രൺബീർ കപൂറും സായ് പല്ലവിയുമാണ് രാമനും സീതയുമായി എത്തുന്നത്. ഇപ്പോഴിതാ, രൺബീർ കപൂറിനെ രാമനായി പ്രേക്ഷകർ അംഗീകരിക്കില്ലെന്ന് പറയുകയാണ് രാമായണം ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സുനിൽ ലാഹ്‌രി. രൺബീർ വളരെ മികച്ച നടനാണെന്നും എന്നാൽ അനിമൽ ചിത്രം അദ്ദേഹത്തിന് തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്നും സുനിൽ പറഞ്ഞു.
'രൺബീർ കപൂർ വളരെ മികച്ച നടനാണ്. അദ്ദേഹം ഈ കഥാപാത്രം മികച്ച രീതിയിൽ ചെയ്യുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റർ എനിക്ക് എനിക്ക് ഇഷ്ടമായി. അതിൽ രൺബീർ വളരെ മികച്ചതായി തോന്നി. രാമനായുള്ള അദ്ദേഹത്തിന്റെ ലുക്കും വളരെ കൃത്യമാണ്. പക്ഷെ പ്രേക്ഷകർ അദ്ദേഹത്തെ രാമനായി അംഗീകരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ആളുകളുടെ ധാരണ തിരുത്താൻ വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ അനിമലുമായി താരതമ്യം വരാൻ സാധ്യതയുണ്ട്. മുൻകാല പ്രകടനങ്ങളെ തകർത്ത് പുറത്തുവരണം. അനിമൽ ചെയ്തതിന് ശേഷം ,ആളുകൾക്ക് ശ്രീരാമനെപ്പോലെയൊരു കഥാപാത്രത്തിൽ അദ്ദേഹത്തെ കാണുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും'- സുനിൽ ലാഹ്‌രി പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. ഏകദേശം 835 കോടി രൂപക്കാണ് ചിത്രമൊരുങ്ങുന്നത്. 600 ദിവസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി വരുക എന്നാണ് സൂചന. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം എത്തുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. കന്നഡ താരം യഷ് ആണ് രാവണനായിട്ടെത്തുന്നത്. 2026ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.