എം.ടിയുടെ രണ്ടാമൂഴം കേസ് ഔദ്യോഗികമായി തീർപ്പായി
text_fieldsകോഴിക്കോട്: രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതിെൻറ ഭാഗമായി നൽകിയ തിരക്കഥ എം.ടി. വാസുദേവൻ നായർക്ക് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ തിരിച്ചുകൊടുത്തതിെൻറ അടിസ്ഥാനത്തിൽ കേസിൽ കോടതി തീർപ്പുകൽപിച്ച് ഉത്തരവായി.
സുപ്രീംകോടതി വരെയെത്തിയ കേസ് തീർപ്പാക്കാൻ ഇരുകക്ഷികളും ധാരണയായതിെൻറ അടിസ്ഥാനത്തിൽ ഒന്നാം അഡീഷനൽ മുൻസിഫ് കോടതി വെള്ളിയാഴ്ച ഓൺലൈൻവഴി വാദം കേട്ടശേഷം തീർപ്പുകൽപിക്കുകയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ തിരക്കഥകൾ കഴിഞ്ഞ ദിവസം എം.ടിക്ക് തിരിച്ചുകൊടുത്തിരുന്നു. മുൻകൂറായി നൽകിയ പണം എം.ടിയും തിരിച്ചുനൽകി. 2014 ഡിസംബറിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടാമൂഴത്തിെൻറ തിരക്കഥ കൈമാറിയിട്ടും നിശ്ചിത കാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനെ തുടർന്ന് കഥ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടാണ് എം.ടി, അഡ്വ. കെ.ബി. ശിവരാമകൃഷ്ണൻ മുഖേന 2018ൽ കോഴിക്കോട് ഒന്നാം അഡീഷനൽ മുൻസിഫ് കോടതിയിൽ ഹരജി നൽകിയത്.
രണ്ടു കോടി രൂപ പ്രതിഫലത്തിന് തിരക്കഥ കൈമാറാനായിരുന്നു ഇരുവരുമായുള്ള കരാർ. വിഷയത്തില്‍ ആര്‍ബിട്രേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹരജി വിവിധ കോടതികൾ തള്ളിയതിനെ തുടർന്ന് സുപ്രീംകോടതി വരെയെത്തി. ഒത്തുതീർപ്പ് ധാരണപ്രകാരം സുപ്രീംകോടതിയിലെ കേസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കരാർ ലംഘനമുണ്ടായതിനാൽ തിരക്കഥ ഉപയോഗിക്കാൻ ശ്രീകുമാരമേനോന് അവകാശമില്ലെന്ന് സ്ഥാപിച്ചുകൊണ്ടാണ് വെള്ളിയാഴ്ച മുൻസിഫ് കോടതി അവസാന ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.