ഐ.എഫ്.എഫ്.കെ പ്രതിഷേധക്കാരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത്
text_fieldsതിരുവനന്തപുരം: 27ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കൂവിയത് പോലെയെന്നും ഐ.എഫ്.എഫ്.കെ നടത്തിപ്പിൽ വീഴ്ചയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം.
'ഞാൻ കോഴിക്കോട്ടാണ് ജീവിക്കുന്നത്. വയനാട്ടിൽ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ആൾ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവ എന്നെ കാണുമ്പോൾ കുരക്കും. ഞാൻ വീടിന്റെ ഉടമസ്ഥനാണെന്ന യാഥാർഥ്യമൊന്നും അവക്കറിയില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ ഞാൻ തല്ലിപ്പുറത്താക്കാറില്ല, അത്രയേ ഞാനീ ചലച്ചിത്രമേളയിലെ അപശബ്ദങ്ങളെയും കാണുന്നുള്ളൂ - ഇങ്ങനെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. വെള്ളിയാഴ്ച സമാപന ചടങ്ങിൽ ആമുഖ പ്രഭാഷണത്തിനെത്തിയപ്പോഴാണ് ഡെലിഗേറ്റുകളിൽ ഒരുവിഭാഗം രഞ്ജിത്തിനെ കൂവിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' സിനിമക്ക് റിസർവ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതും റിസർവേഷൻ ആപ്പിലെ അപാകതകളുമായിരുന്നു പ്രതിഷേധത്തിന് കാരണം. കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത്ത് വേദിയിൽ തുറന്നടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.