'സർ, കോഴിക്കോട്ടെ തീയേറ്ററുകൾക്കെന്താണ് പ്രശ്നം? '
text_fieldsതിയേറ്ററുകളില്ലെന്ന കാരണത്താൽ തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയത് പോലെ റീജണൽ ചലച്ചിത്ര മേള നടത്താൻ തയാറാവാത്ത ചലച്ചിത്ര അക്കാദമിയെ വിമർശിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. യുവ എഴുത്തുകാരനും സൈലം ലേണിങ് ഡയറക്ടറുമായ ലിജീഷ് കുമാറിന്റെ കുറിപ്പാണ് ചർച്ചയാകുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നടക്കുമ്പോൾകോഴിക്കോട്ടെ തിയേറ്ററുകളെ കുറിച്ചുള്ള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പരാമർശമാണ് വിവാദമാകുന്നത്.
യോഗത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും ചലച്ചിത്ര മേള നടത്തിയ പോലെ കോഴിക്കോട്ടും ഒരു റീജണൽ മേള നടത്തണം എന്ന് ആവശ്യമുയർന്നു. ഉടൻ രഞ്ജിത്ത് ചോദിച്ചത് പാൽപ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയിൽ വിളമ്പണോ എന്നായിരുന്നു. തിരുവനന്തപുരത്തെ തീയേറ്ററുകളൊക്കെ ഗംഭീരമാണ്. രഞ്ജിത്തിന്റെ വാദത്തോട് വിയോജിപ്പില്ല. എന്നാൽ നല്ല സിനിമകൾ കാണിക്കാൻ കോഴിക്കോട്ടെ തീയേറ്ററുകൾ കൊള്ളില്ല എന്ന വാദത്തോട് വിയോജിപ്പുണ്ട്. അപ്സരയും, കോറണേഷനും, കൈരളി ശ്രീയും, രാധയും കാണിച്ച് തന്ന രഞ്ജിത്താണ് എന്റെ രഞ്ജിത്ത്. ക്രൗണും റീഗലും ഇ മാക്സും ആശീർവാദുമുൾപ്പെടെ കോളാമ്പികൾ കോഴിക്കോട് കൂടിയിട്ടുണ്ട്. നിങ്ങളുണ്ടാക്കിയ പാൽപ്പായസം വിളമ്പാൻ കോളാമ്പികൾ ഉണ്ടായത് കൊണ്ടാണ് സർ, കോളാമ്പിയിൽ നിങ്ങൾ വിളമ്പിയ പാൽപ്പായസം നക്കാൻ ഞങ്ങളുണ്ടായത് കൊണ്ടാണ് സർ, നിങ്ങൾ രഞ്ജിത്തായതും അക്കാദമിയുടെ ചെയർമാനായതും - ലിജീഷ് കുമാർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അതുകൊണ്ടല്ലേ പ്രേംകുമാർ, തളികയിൽ വിളമ്പാൻ ലോകസിനിമയുടെ പാൽപ്പായസവും കോളാമ്പിയിൽ വിളമ്പാൻ ഒരു വനിതാ മേളയും ഉണ്ടാവുന്നത് ?
..................................................................."അതാണ് ജോസുകുട്ടി, ഈ ടാക്കീസ് അയാളുടെയാണ് !!" രഞ്ജിത്തിന്റെ മോഹൻലാൽ പടം കാണാൻ അപ്സര തീയേറ്ററിന്റെ മുറ്റത്ത് ഞെരുങ്ങി നിൽക്കുമ്പോൾ മൈക്ക് മത്തായി എന്ന് ഞങ്ങൾ കളിയാക്കി വിളിക്കാറുള്ള കൂട്ടുകാരൻ നിധിൻ.സി.മത്തായി എന്റെ ചെവിയിൽ പറഞ്ഞതാണ്. കൊല്ലം എത്ര കഴിഞ്ഞിട്ടുണ്ടാവും അവനൊപ്പം അങ്ങനെ നിന്നിട്ട്, ഇന്ന് അവനെ വീണ്ടുമോർത്തു.
ഓർത്തത് അവനെയല്ല, അവൻ കൂടെപ്പോന്നതാണ്. ഓർത്തത് ജോസുകുട്ടിയെയായ്. ജോസുകുട്ടിയെ മാത്രമല്ല, രാധ തിയേറ്ററിന്റെ ഉടമ മുരളീകൃഷ്ണനെ, ക്രൗൺ തിയേറ്ററിന്റെ ഉടമ വിനോദ് സ്വാമിയെ, ഗംഗ തിയേറ്റർ ഉടമ സതീശേട്ടനെ, അങ്ങനെ കോഴിക്കോടിനെ എന്റെ കോഴിക്കോടാക്കാൻ ആയുസ്സ് നീക്കിവെച്ചവരെയെല്ലാം ഇന്നോർത്തു. ഓർമ്മിപ്പിച്ചത് കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ബഹുമാന്യനായ ചെയർമാൻ ശ്രീ രഞ്ജിത്താണ്.
മഹാറാണിയിൽ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നടക്കുന്നു. യോഗാവസാനം ആണുങ്ങൾ സർവാധികാരം ഏറ്റെടുത്ത് പിരിഞ്ഞ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം. ദീദി ദാമോദരൻ, വി.എം.വിനു, ഷാജൂൺ കാര്യാൽ, എണ്ണിപ്പറയുന്നില്ല കോഴിക്കോട്ടെ സിനിമാക്കാർ എല്ലാവരും വന്നിട്ടുണ്ട്. രഞ്ജിത്തും പ്രേംകുമാറും ഉൾപ്പെടെയുള്ള സിനിമാക്കാർ വേദിയിലുമുണ്ട്. ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനാണ് ശ്രീ പ്രേംകുമാർ. അദ്ദേഹം ചോദിക്കുന്നു, "എന്തിനാണ് നമുക്കൊരു വനിതാ ചലച്ചിത്ര മേള, അങ്ങനെ ആൺ - പെൺ എന്നൊരു സിനിമയുണ്ടോ ?"
ശരിക്കും ആരാണ് ഈ മേള നടത്തുന്നത്, ഈ ചോദ്യങ്ങൾ ഇവിടെ വന്ന് ചോദിക്കുന്നതിന്റെ യുക്തിയെന്ത് എന്നൊക്കെ അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. അത്തരം ചോദ്യങ്ങളുടെ ഒന്നും യാതൊരാവശ്യവുമില്ല എന്ന് അക്കാദമി ചെയർമാൻ തെളിയിച്ചു കൊണ്ടേയിരുന്ന നേരങ്ങളാണ് പിന്നെ മഹാറാണി ഹോട്ടൽ കണ്ടത്. ട്രിവാൻഡ്രത്തും എറണാകുളത്തും ചലച്ചിത്ര മേള നടത്തിയ പോലെ, കോഴിക്കോട്ടും നടത്തണം ഒരു റീജണൽ മേള എന്ന് ആവശ്യമുയർന്നപ്പോൾ പരിഹാസച്ചിരിയോടെ ചെയർമാന്റെ ചോദ്യം വന്നു, "സർ, പാൽപ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയിൽ വിളമ്പണോ ?"
തിരുവനന്തപുരത്തെ തീയേറ്ററുകളൊക്കെ ഗംഭീരമാണ്, രഞ്ജിത്തിന്റെ വാദത്തോട് എനിക്ക് വിയോജിപ്പില്ല. ടാഗോറും ഏരീസ് പ്ലക്സും ശ്രീപത്മനാഭയും കൈരളി - ശ്രീ - നിളയും ഒക്കെ ഗംഭീരമാണ്. നല്ല സിനിമകൾ കാണിക്കാൻ കോഴിക്കോട്ടെ തീയേറ്ററുകൾ കൊള്ളില്ല എന്ന വാദത്തോട് എനിക്ക് വിയോജിപ്പുണ്ട്. ക്ഷണിക്കപ്പെട്ട് വന്നവരുടെ ആ സദസ്സിൽ കോഴിക്കോട്ടെ തീയേറ്റർ ഉടമകളും, പ്രതിനിധികളും ഉണ്ട്. അവരെയിരുത്തിയാണ് അക്കാദമി ചെയർമാൻ ചോദിച്ചത്, "പാൽപ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയിൽ വിളമ്പണോ ?" എന്ന്.
അപ്സരയും, കോറണേഷനും, കൈരളി ശ്രീയും, രാധയും കാണിച്ച് തന്ന രഞ്ജിത്താണ് എന്റെ രഞ്ജിത്ത്. ക്രൗണും, റീഗലും, ഇ മാക്സും, ആശീർവാദുമുൾപ്പെടെ കോളാമ്പികൾ കൂടിയിട്ടുണ്ട് കോഴിക്കോട്ട്. നിങ്ങളുണ്ടാക്കിയ പാൽപ്പായസം വിളമ്പാൻ കോളാമ്പികൾ ഉണ്ടായത് കൊണ്ടാണ് സർ, കോളാമ്പിയിൽ നിങ്ങൾ വിളമ്പിയ പാൽപ്പായസം നക്കാൻ ഞങ്ങളുണ്ടായത് കൊണ്ടാണ് സർ, നിങ്ങൾ രഞ്ജിത്തായതും അക്കാദമിയുടെ ചെയർമാനായതും.
പ്രശ്നം അതല്ല. നിങ്ങളുടെ വലിപ്പമോ, ആ വലിപ്പത്തെ താങ്ങാൻ ശേഷിയില്ലാത്ത ഞങ്ങളുടെ തീയേറ്ററോ അല്ല പ്രശ്നം. പ്രശ്നം വനിതാ ചലച്ചിത്ര മേളയാണ്. ട്രിവാൻഡ്രത്തും എറണാകുളത്തും നടത്തുന്ന ചലച്ചിത്ര മേള കോഴിക്കോട്ടെ കോളാമ്പിയിൽ വിളമ്പാനാവാത്ത അക്കാദമിക്ക്, വനിതാ മേള അങ്ങനെ വിളമ്പാനുള്ളതാണ് എന്നതാണ് പ്രശ്നം.
പ്രിയപ്പെട്ട പ്രേംകുമാർ, നിങ്ങൾ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇതാണ്. സിനിമയ്ക്ക് ആൺ - പെൺ എന്ന ഒന്നുണ്ട്. നിങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നതും അതാണ്. അതുകൊണ്ടല്ലേ പ്രേംകുമാർ, തിരുവനന്തപുരത്തെ തളികയിൽ വിളമ്പാൻ ചലച്ചിത്ര അക്കാദമിക്ക് ലോകസിനിമയുടെ പാൽപ്പായസവും കോഴിക്കോട്ടെ കോളാമ്പിയിൽ വിളമ്പാൻ ഒരു വനിതാ മേളയും ഉണ്ടാവുന്നത് ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.