ചലച്ചിത്രമേളയിൽ രഞ്ജിത്തിന് കൂവൽ; എസ്.എഫ്.ഐ കാലം മുതലുള്ള അനുഭവമെന്ന് മറുപടി
text_fieldsതിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ സമാപനവേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് ഡെലിഗേറ്റുകളുടെ കൂവൽ. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവായ ബേല താറിനെ പരിയപ്പെടുത്താനും ആമുഖ പ്രഭാഷണത്തിനുമായി സാംസ്കാരിക സെക്രട്ടറി റാണി ജോർജ് രഞ്ജിത്തിനെ ക്ഷണിച്ചപ്പോഴായിരുന്നു കൂവൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്കം' സിനിമക്ക് സീറ്റ് കിട്ടാതെ പോയതിനും ഓൺലൈൻ ബുക്കിങ്ങിലെ അപാകതകളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ, കൂവൽ തനിക്ക് പുത്തരിയല്ലെന്നും കൂവി തെളിയുകതന്നെ വേണമെന്നും രഞ്ജിത്ത് പറഞ്ഞു.
'തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് കൂവാൻ ഒരു ഗ്രൂപ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു; ഞാൻ പറഞ്ഞു, നല്ല കാര്യം. സമാപനചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാമെന്ന് പറഞ്ഞു. 1976ൽ എസ്.എഫ്.ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട'.
മമ്മൂട്ടി അഭിനയിച്ച സിനിമക്ക് സീറ്റ് കിട്ടാത്തതിന് ആരൊക്കെയോ എന്തൊക്കയോ പറഞ്ഞെന്ന് കേട്ടു. ആ സിനിമ തിയറ്ററിൽ വരുമ്പോൾ എത്രപേർ കാണുമെന്ന് അറിയാമെന്നും പറഞ്ഞാണ് രഞ്ജിത്ത് ആമുഖ പ്രഭാഷണത്തിലേക്ക് കടന്നത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങളും വിമർശനങ്ങളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് സാംസ്കാരികമന്ത്രി വി.എൻ. വാസവനും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും പറഞ്ഞു. മേളയിൽ സിനിമക്ക് റിസർവ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പെടെ 33 ഡെലിഗേറ്റുകൾക്കെതിരെ കലാപശ്രമത്തിന് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.