റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: ഒരാഴ്ചക്കാലമായി ജിദ്ദയിൽ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമകൾക്കും നടീ, നടന്മാർക്കും അണിയറ പ്രവർത്തകർക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ‘ദി ടീച്ചർ’ എന്ന ചിത്രത്തിലെ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച ഇസ്രായേലി സിനിമ-തിയറ്റർ നടൻ സാലിഹ് ബക്രിയാണ് മികച്ച നടൻ. ഇസ്രായേലി നടിയും സംവിധായികയുമായ മോന ഹവയാണ് മികച്ച നടി. ‘ഇൻഷ അല്ലാഹ് എ ബോയ്’ എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് ഈ അവാർഡ്.
ഫെസ്റ്റിവലിലെ ഏറ്റവും മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത് പാക്-കനേഡിയൻ സംവിധായകനായ സറാർ കഹിന്റെ ‘ഇൻ ഫ്ലെയിംസ്’ ആണ്. ഒരു ലക്ഷം ഡോളർ കാഷ് പ്രൈസും ഗോൾഡൻ യുസ്ർ അവാർഡുമാണ് സിനിമക്ക് ലഭിച്ചത്. യുവ ദമ്പതികളുടെ കഥ പറയുന്ന ഇന്ത്യൻ സിനിമ ‘ഡിയർ ജാസി’ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. സിൽവർ യുസ്ർ അവാർഡും 30,000 ഡോളർ കാഷ് പ്രൈസുമാണ് സമ്മാനം. ‘സൺഡേ’ എന്ന സിനിമയിലൂടെ ഉസ്ബകിസ്താൻ പൗരനായ ഷോക്കിർ കോലികോവ് ഏറ്റവും നല്ല സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
‘ദി ടീച്ചർ’ എന്ന സിനിമ പ്രത്യേകം ജൂറി അവാർഡ് നേടി. ഷോർട്ട് ഫിലിമിനുള്ള ഗോൾഡൻ യുസ്ർ അവാർഡ് ദഹ്ലിയ നെംലിച്ച് സംവിധാനം ചെയ്ത ‘സംവേർ ഇൻ ബിറ്റ് വീൻ’ നേടി. സമൻ ഹൊസൈൻപുർ, അക്കോ സെൻഡ്കരിമി എന്നിവരുടെ സംവിധാനത്തിലിറങ്ങിയ ‘സ്യൂട്ട്കേസ്’ എന്ന സിനിമ ഇതേ വിഭാഗത്തിൽ സിൽവർ യുസ്ർ അവാർഡ് നേടി.
സൗദി സിനിമക്കുള്ള അൽഉല ഫിലിം ഓഡിയൻസ് അവാർഡ് തൗഫിഖ് അൽസെയ്ദി സംവിധാനം ചെയ്ത ‘നൂറ’ സ്വന്തമാക്കി. സൗത്ത് കൊറിയൻ സംവിധായകൻ കിം ചാങ് ഹൂണിന്റെ ‘ഹോപ്പ്ലെസ്’ എന്ന ചിത്രമാണ് ഈ വിഭാഗത്തിലെ സൗദിയിതര സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഡോക്യുമെന്ററിക്കുള്ള അശർഖ് അവാർഡ് സംവിധായകൻ കൗതർ ബെൻ ഹനിയയുടെ ‘ഫോർ ഡോക്ടേഴ്സ്’ നേടി. മികച്ച പ്രതിഭകളെ പിന്തുണക്കുന്നതിനായി ഏർപ്പെടുത്തിയ ചോപാർഡ് റൈസിങ് ടാലന്റ് ട്രോഫി സൗദി നടി നൂർ അൽഖദ്റക്ക് സമ്മാനിച്ചു.
ഫീച്ചർ ഫിലിം വിഭാഗത്തിൽ ഏറ്റവും നല്ല തിരക്കഥക്കുള്ള അവാർഡ് കരീം ബെൻ സലാഹ്, ജാമൽ ബെൽമാഹി എന്നിവരുടെ ‘സിക്സ് ഫീറ്റ് ഓവർ’ എന്ന ഫ്രഞ്ച് സിനിമക്ക് ലഭിച്ചു. ‘നിങ്ങളുടെ കഥ, നിങ്ങളുടെ ഉത്സവം’ എന്ന ആശയത്തിൽ ജിദ്ദയിൽ നടന്ന മൂന്നാമത് റെഡ്സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നിരവധി അന്താരാഷ്ട്ര സിനിമ അണിയറ പ്രവർത്തകരും താരങ്ങളുമാണ് പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പതിനായിരങ്ങൾ സന്ദർശകരായെത്തിയ മേള ശനിയാഴ്ച അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.