ചെങ്കടൽ രാജ്യാന്തര ചലച്ചിത്രോത്സവം ഡിസംബർ ഒന്നു മുതൽ
text_fieldsജിദ്ദ: ഡിസംബർ ഒന്നു മുതൽ ആരംഭിക്കുന്ന ചെങ്കടൽ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഏഴു സൗദി സിനിമകൾ പ്രദർശിപ്പിക്കും. 18 ഹ്രസ്വചിത്രങ്ങൾക്കു പുറമെയാണ് ഏഴു സൗദി സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ഡിസംബർ ഒന്നു മുതൽ 10 വരെ ജിദ്ദയിലെ ചെങ്കടൽതീരത്താണ് മേള.
ആകെ 130ലധികം സിനിമകൾ ഇത്തവണ മേളയിലുണ്ടാവും. സൗദി ചലച്ചിത്ര പ്രവർത്തകർ ഉപയോഗിക്കുന്ന പുതിയ മാനങ്ങളിലേക്കും സിനിമാറ്റിക്, ആഖ്യാന സംവിധാനങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് സൗദി സിനിമകളുടെ തെരഞ്ഞെടുപ്പ്.
രാജ്യത്തെ യുവസംവിധായകരുടെ കഴിവും സർഗാത്മകതയും ഉയർത്തിക്കാട്ടുന്നതിൽ ചെങ്കടൽ രാജ്യാന്തര ചലച്ചിത്രോത്സവം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.
ആദ്യ മേള മുതൽ സൗദി സിനിമാ വ്യവസായത്തിൽ വലിയൊരു മുന്നേറ്റമാണ് ഞങ്ങൾ കണ്ടതെന്ന് മേളയുടെ സൗദി പ്രോഗ്രാം ഡയറക്ടർ മുഹ്യ് ഖാരിഅ് അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ മേളയിലെ പട്ടികയിൽ ഏഴു സൗദി ചിത്രങ്ങളുടെ പ്രദർശനമുണ്ട്.
രാജ്യത്തെ സിനിമാവ്യവസായ അനുഭവത്തിന്റെയും വികാസത്തിന്റെയും പക്വതയുടെയും മികച്ച തെളിവാണിത്. മേള സൗദി ചലച്ചിത്രപ്രവർത്തകരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമൊരുക്കി. ഇതിന്റെ വിജയത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു.
മിടുക്കരായ പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിലും അവർക്ക് അന്താരാഷ്ട്രതലങ്ങളിലേക്ക് വഴികാട്ടുന്നതിലും മേള ഇതിനകം വിജയംവരിച്ചുവെന്നും സൗദി പ്രോഗ്രാം ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.