നഷ്ടമായത് 'ജാടകളില്ലാത്ത സിനിമ'ക്കാരനെ
text_fieldsകൊച്ചി: ജോൺ പോളിന്റെ നിര്യാണത്തോടെ സാംസ്കാരിക കേരളത്തിന് നഷ്ടമായത് 'ജാടകളില്ലാത്ത സിനിമ'ക്കാരനെ. സിനിമ ലോകത്തെ അതുല്യപ്രതിഭയായിട്ട് പോലും വിനയവും സൗമ്യതയും വിടാതെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ. ഏത് പ്രായപരിധിയിലുള്ളവർക്കും ജോൺ പോൾ എന്നും സുഹൃത്തായിരുന്നു. സിനിമയെക്കുറിച്ച സംശയങ്ങൾ ദൂരീകരിക്കുന്ന വിജ്ഞാനകോശമായിരുന്നു. സിനിമ, മാധ്യമരംഗത്തെ പുതുതലമുറക്കാർക്കും വിദ്യാർഥികൾക്കും മാത്രമല്ല, ഇരുത്തംവന്ന പ്രഗല്ഭ സിനിമ പ്രവർത്തകർക്കുപോലും അദ്ദേഹം ഗുരുവായിരുന്നു.
പുതുതലമുറ സിനിമക്കാരെ ഒരിക്കലും ജോൺ പോൾ തള്ളിപ്പറഞ്ഞില്ല. അതേസമയം, കാലഭേദമില്ലാതെ സിനിമയിലെ പരസ്പരബന്ധങ്ങളുടെ ഇഴയടുപ്പം കുറഞ്ഞുവരുന്നുവെന്ന സത്യം വെട്ടിത്തുറന്ന് പറയാൻ മടികാട്ടിയുമില്ല. വ്യത്യസ്തധ്രുവങ്ങളിൽ പോയിരുന്ന സമാന്തര-വാണിജ്യ സിനിമകളുടെ സമന്വയത്തിന് പ്രധാന കാരണമായി മാറിയത് അദ്ദേഹത്തിന്റെ തിരക്കഥകളാണ്. വാണിജ്യസിനിമക്ക് പുതിയ രസം നൽകിയ എഴുത്തുകാരൻ എന്നാണ് ജോൺ പോളിനെക്കുറിച്ച് പറയാറുള്ളത്.
അദ്ദേഹത്തിന്റെ സിനിമകളിലധികവും ഭരതനുമായി ചേർന്നുള്ളതായിരുന്നു. ചാമരം, മാമരം, സന്ധ്യമയങ്ങും നേരം, പാളങ്ങള്‍, ഇത്തിരി പൂവേ ചുവന്ന പൂവേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വനി, ഒരു സായാഹ്നത്തിന്റെ സ്വപ്നം, നീലക്കുറുഞ്ഞി പൂത്തപ്പോള്‍, കാതോട് കാതോരം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. സേതുമാധവൻ, ഐ.വി. ശശി, മോഹൻ, ജോഷി തുടങ്ങിയവർക്ക് വേണ്ടിയും ഒട്ടേറെ തിരക്കഥകളെഴുതി.
മറ്റ് സംവിധായകരും അദ്ദേഹത്തിന്റെ തിരക്കഥയിൽ സിനിമയെടുത്തു. കൊടിയേറ്റം, കാറ്റത്തെ കിളിക്കൂട്, യാത്ര, അതിരാത്രം, ഓർമക്കായ്, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻസന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, ഒരു യാത്രാമൊഴി, വിടപറയും മുമ്പേ, മിഴിനീർ പൂവുകൾ, ഒരിക്കൽ ഒരിടത്ത്, കഥയറിയാതെ, തേനും വയമ്പും, സൂര്യഗായത്രി തുടങ്ങിയ ചിത്രങ്ങളും ജോൺപോളിന്റെ തിരക്കഥയിലുണ്ടായതാണ്.
ഗൗരവത്തോടെ സിനിമയെ കാണുകയും പഠിക്കുകയും ചെയ്ത അദ്ദേഹം സിനിമയിൽനിന്ന് വിട്ടുനിന്ന 10 വർഷത്തോളം പുസ്തകരചനയും യുവസിനിമ പ്രവർത്തകർക്കും മാധ്യമ വിദ്യാർഥികൾക്കും അറിവ് പകർന്നും ജീവിതം ആസ്വദിക്കുകയായിരുന്നു. സിനിമക്ക് മുമ്പ് സിനിമക്ക് പുറത്തെ എഴുത്തായിരുന്നു തന്റെ ലോകമെന്നും സിനിമയിൽനിന്ന് വിട്ടുനിന്നാലും ജീവിതം വഴിമുട്ടില്ലെന്നും അദ്ദേഹം പറയുക മാത്രമല്ല, തെളിയിക്കുകയും ചെയ്തു. അതേസമയം, ഏറ്റെടുക്കുന്ന ജോലിയോട് പൂർണമായും ആത്മാർഥത പുലർത്തണമെന്ന ശാഠ്യം പുലർത്തിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ തിരക്കഥാകൃത്തായി മാറിയ അദ്ദേഹം ജോലി ഉപേക്ഷിച്ച് പൂർണമായും സിനിമക്കൊപ്പം കൂടിയതും ഈ അർപ്പണബോധത്താലാണ്. സമൂഹത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുമുണ്ടായിരുന്നു.
കൊച്ചിയുടെ കലാ-സാംസ്കാരിക രംഗത്തെ നിത്യസാന്നിധ്യമായിരുന്ന അദ്ദേഹം സ്മൃതിധാര, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം, ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ ഫൗണ്ടേഷൻ, ഭരതൻ ഫൗണ്ടേഷൻ, പി. ഭാസ്കരൻ ഫൗണ്ടേഷൻ, എം.കെ. സാനു ഫൗണ്ടേഷൻ, ചാവറ കൾചറൽ സെന്റർ തുടങ്ങി കൊച്ചിയിലെ സാംസ്കാരിക കേന്ദ്രങ്ങളുമായി അവസാന കാലം വരെ ബന്ധം പുലർത്തിപ്പോന്നു. അതിനനുസരിച്ചുള്ള വിപുലമായ സൗഹൃദവലയവും സൂക്ഷിച്ചു. അദ്ദേഹം ആശുപത്രിയിലായയുടൻ ജനപ്രതിനിധികളുമായി ചേർന്ന് ചികിത്സ സഹായ നിധി ഉണ്ടാക്കാൻ ഈ സൗഹൃദ കൂട്ടായ്മാണ് മുന്നിൽനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.