നവീകരിച്ച കൈരളി, നിള, ശ്രീ തിയറ്റര്‍ കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള തിയറ്റര്‍ അനുഭവം ഇനി തലസ്ഥാന നഗരത്തിലും. അത്യാധുനിക ദൃശ്യ, ശബ്ദ സംവിധാനങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നവീകരിച്ച കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, നിള, ശ്രീ തിയറ്റര്‍ കോംപ്ലക്സിന്‍റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറിന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്‍റണി രാജു എന്നിവര്‍ പങ്കെടുക്കും.
12 കോടി ചെലവിട്ടാണ് കോംപ്ലക്സിലെ തിയറ്ററുകളായ കൈരളി, നിള, ശ്രീ എന്നിവ നവീകരിച്ചത്. ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് തിയറ്ററുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. എസ്.എം.പി.ടി.ഇ മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന ദൃശ്യ അനുഭവം നല്‍കുന്ന ആര്‍.ജി.ബി. 4 കെ ലേസര്‍ പ്രൊജക്ടറും ട്രിപ്പിള്‍ ബീം 3 ഡി യൂനിറ്റുമാണ് മൂന്ന് തിയറ്ററിലും. 32 ചാനല്‍ ഡോള്‍ബി അറ്റ്മോസ് ഉന്നത നിലവാരത്തിലുള്ള ശബ്ദാനുഭവം നല്‍കും.
തിയറ്ററിനകത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബേബി റൂം ആണ് മറ്റൊരു പ്രധാന സവിശേഷത. സിനിമാ പ്രദര്‍ശനത്തിനിടയില്‍ കുഞ്ഞുങ്ങള്‍ അസ്വസ്ഥരാകുന്നെങ്കില്‍ രക്ഷാകർത്താക്കള്‍ക്ക് ബേബി റൂമിനകത്തിരുന്ന് കുഞ്ഞിനെ ശ്രദ്ധിക്കുകയും സിനിമ തുടര്‍ന്നു കാണുകയും ചെയ്യാം. തിയറ്റര്‍ ലോബിയിലെ ഫീഡിങ് റൂം മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. റാംപ്, വീല്‍ ചെയര്‍ സംവിധാനങ്ങള്‍ ഒരുക്കി ഭിന്നശേഷി സൗഹൃദവുമാക്കിയിട്ടുണ്ട്.
ശീതീകരിച്ച ആകര്‍ഷകമായ ലോബി, കാന്‍റീനുകള്‍, ഫുഡ് കോര്‍ട്ട്, നവീകരിച്ച ശുചിമുറികൾ എന്നിവക്ക് പുറമെ വായനമുറി, ലിഫ്റ്റ്, ഡോര്‍മെറ്ററി, വി.ഐ.പി റൂം, വി.ഐ.പി ലോഞ്ച് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, എം.ഡി എന്‍. മായ എന്നിവർ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ സിനിമാ മേഖലയിലെ പ്രതിഭകളെയും പഴയകാല തിയറ്റര്‍ ഉടമകളെയും സിനിമാ പ്രവര്‍ത്തകരെയും സാങ്കേതിക വിദഗ്ധരെയും ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.