പുതുപുത്തനായി കോഴിക്കോട് കൈരളി– ശ്രീ തിയറ്ററുകൾ; ഉദ്ഘാടനം അടുത്ത വാരം
text_fieldsകോഴിക്കോട്: അതിനൂതന ദൃശ്യാനുഭവമൊരുക്കി കൈരളി -ശ്രീ തിയറ്ററുകൾ സിനിമാസ്വാദകർക്കായി ഒരുങ്ങി.
ലോകോത്തര നിലവാരത്തിലുള്ള വെള്ളിത്തിരയും ശബ്ദ സംവിധാനവുമായാണ് ഫെബ്രുവരി രണ്ടാം വാരത്തിൽ തിയറ്റർ തുറക്കുന്നത്. ആറു കോടിയോളം ചെലവഴിച്ചാണ് പുത്തനാക്കിയത്. തിയറ്ററിെൻറ അകവും പുറവും അടിമുടിമാറി. കേരള ചലച്ചിത്ര വികസന കോർപറേഷെൻറ ഉടമസ്ഥതയിലുള്ള ഈ സിനിമാശാലയിൽ ലേസർ പ്രൊജക്ടർ ആണ് ഒരുക്കുന്നത്.
കൈരളിയിലാണ് ലേസർ പ്രോജക്ടർ. ശ്രീയിൽ ഫോർ കെ സംവിധാനമാണ്. ഡോൾബി അറ്റ്മോസ് സൗണ്ടാണ് ഇരുതിയറ്ററുകളിലും. സീറ്റുകളെല്ലാം മാറ്റി. അകത്തളങ്ങളിൽ ചിത്രപ്പണികളോടു കൂടിയ ടൈൽസും വെളിച്ച വിന്യാസവുമൊരുക്കി സന്ദർശകർക്ക് വ്യത്യസ്ത അനുഭവം പകരാൻ പാകത്തിലാക്കി.
പാർക്കിങ് ഏരിയ വിശാലമാക്കി. പുതിയ കമാനവും ഒരുക്കിയിട്ടുണ്ട്. തിയറ്റർ വളപ്പ് മുഴുവൻ ഇൻറർലോക്ക് വിരിച്ചു. ഇതോടെ എല്ലാ സ്ഥലവും പാർക്കിങ്ങിന് സൗകര്യമായി. ഉദ്ഘാടനം ഫെബ്രുവരി 15 നകം നടക്കുമെന്ന് മാനേജർ മോഹൻകുമാർ 'മാധ്യമ'ത്തോടു പറഞ്ഞു. നഗരത്തിലെ മൾട്ടിപ്ലക്സുകളെ വെല്ലുന്നതാവും ഇൗ സർക്കാർ കൊട്ടക.
1990 ജൂലൈയിലാണ് കോഴിക്കോട്ട് കൈരളി- ശ്രീ തിയറ്റുകൾ തുടങ്ങിയത്. 2013 ൽ ഇരുതിയറ്ററുകളും നവീകരിച്ചു. അന്ന് രണ്ടര മാസം അടച്ചിട്ടാണ് നവീകരണം നടന്നത്.
ഇത്തവണ പക്ഷേ, ഒരു വർഷവും മൂന്നു മാസവും അടഞ്ഞുകിടന്നു. അറ്റകുറ്റപ്പണിക്കായി 2019 നവംബറിൽ അടച്ചതാണ്. 2020 മാർച്ച് 26ന് ഉദ്ഘാടനം തീരുമാനിച്ചതായിരുന്നു. അപ്പോഴേക്കും കോവിഡും ലോക്ഡൗണും വന്നു. പ്രവൃത്തി പൂർത്തിയാവാൻ വൈകി. ബെൽജിയമുൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്ന് സാങ്കേതികസംവിധാനങ്ങൾ വരുന്നത് മുടങ്ങി. ഈയാഴ്ച ചേരുന്ന ബോർഡ്യോഗം ഉദ്ഘാടനതീയതി തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.