ആദരം കലയെ സാമൂഹിക പുരോഗതിക്കായി ഉപയോഗിച്ചവർക്ക് –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹികപുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരന്മാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി. ഡാനിയേൽ പുരസ്കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജെ.സി. ഡാനിയേൽ പുരസ്കാരം ഹരിഹരന് വേണ്ടി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഏറ്റുവാങ്ങി.
മറ്റ് ചലച്ചിത്ര-രചനാ അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പിെൻറ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വിവാദങ്ങളില്ലാതെ അർഹരെ അംഗീകരിക്കുന്ന പുരസ്കാരങ്ങളാണ് ചലച്ചിത്ര അവാർഡുകളെന്ന് ഉറപ്പാക്കാൻ സർക്കാറിന് കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്കാരികമന്ത്രി എ.കെ. ബാലൻ പറഞ്ഞു. 2020 മുതൽ ടെലിവിഷൻ രംഗത്തും ജെ.സി. ഡാനിയേൽ പുരസ്കാരത്തിെൻറ മാതൃകയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമായിരിക്കും അവാർഡ്.
മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിയും (ജല്ലിെക്കട്ട്), മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി), നടിക്കുള്ള പുരസ്കാരം കനി കുസൃതിയും (ബിരിയാണി) ഏറ്റുവാങ്ങി. മികച്ച സിനിമക്കുള്ള പുരസ്കാരം ലഭിച്ച വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ, നിർമാതാവ് സിജു വിൽസൻ എന്നിവരും മറ്റു വിഭാഗങ്ങളിലെ ജേതാക്കളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഐ.എഫ്.എഫ്.കെയുടെ രജതജൂബിലി വർഷം പ്രമാണിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ പോസ്റ്റൽ സ്റ്റാമ്പും ഫസ്റ്റ് ഡേ പോസ്റ്റൽ കവറും പോസ്റ്റ് മാസ്റ്റർ ജനറൽ കേരള മറിയാമ്മ തോമസ് മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്കുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ജൂറി അധ്യക്ഷരായ മധു അമ്പാട്ട്, ഡോ. രാജകൃഷ്ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ, സെക്രട്ടറി സി. അജോയ് എന്നിവർ പെങ്കടുത്തു.
പുരസ്കാരങ്ങൾ കൈകളിൽ നൽകാൻ വിസമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ജെ.സി. ഡാനിയൽ പുരസ്കാരവും ജേതാക്കളുടെ കൈകളിലേക്ക് നൽകാൻ വിസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് താനൊരാൾ, ഏതൊരാളുമാകട്ടെ പത്തുനൂറാളുകൾക്ക് പുരസ്കാരം നൽകുന്നത് അനുകരണീയ മാതൃകയല്ലെന്നും അതിനാൽ സ്റ്റേജിെൻറ മുന്നിലെ മേശക്ക് മുകളിൽ പുരസ്കാരം െവച്ചശേഷം ജേതാവ് എത്തി പുരസ്കാരം കൈപ്പറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോേകാൾ പ്രകാരം ഇത്തരത്തിൽ പലയിടത്തും ചടങ്ങുകൾ നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സംഘാടകർ മേശയുമായി എത്തി പുരസ്കാരവും പ്രശംസാപത്രവും ചെക്കും അതിൽ വെക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ മേശക്ക് പിന്നിലായി അണിനിരന്നാണ് പുരസ്കാരവിതരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.