'ദി പ്രീസ്റ്റ്', ഒരു പുരോഹിതന്‍റെ കുറ്റാന്വേഷണം
text_fieldsഒരാൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതും മരണശേഷം ആത്മാവ് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കുന്നതും പ്രതികാരം ചെയ്യുന്നതും നിരവധി സിനിമകളിൽ കണ്ടിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള കാര്യങ്ങൾ സയൻസും അംഗീകരിക്കുന്നുണ്ട്. പാരാസൈക്കോളജിയിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഒരാളുടെ ശരീരത്തിലെ പ്രേത ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. 'ദി എക്സോർസിസ്റ്റ്' എന്ന പേരിൽ ഹോളിവുഡിൽ സിനിമകളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ആണെങ്കിൽ 'മണിച്ചിത്രത്താഴും' ഇതുപോലുള്ള ഒരു സിനിമയായിരുന്നു. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എന്നാൽ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണ് 'ദി പ്രീസ്റ്റ്'.'
തെളിയിക്കപ്പെടാത്ത കേസുകൾ കണ്ടുപിടിക്കുന്ന ഫാദർ ബെനഡിക്റ്റ് എന്ന പുരോഹിതൻ ആയിട്ടാണ് സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. 34 വർഷത്തിനിടക്ക് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായിട്ടുള്ള ഒരുപാട് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. ഈ സിനിമയിൽ പുരോഹിതനാണെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍റെ എല്ലാ മികവുകളും അദ്ദേഹത്തിൽ കാണാൻ കഴിയും. മഞ്ജുവാര്യറും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്. സിനിമ കാണുമ്പോൾ സൂസൻ എന്ന റോൾ മഞ്ജുവാര്യർക്ക് വേണ്ടി മാത്രം എഴുതിയതായി തോന്നുന്നുണ്ട്. ബേബി മോണിക്കയുടെ അമേയ എന്ന കഥാപാത്രവും ഏറെ മികവുപുലത്തുന്നു. സിനിമയുടെ കഥ മുന്നോട്ടു പോകുന്നതും ഈ കഥാപാത്രത്തിലൂടെയാണ്. ജെസ്സി ടീച്ചർ ആയി വരുന്ന നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
രമേശ് പിഷാരടി, ജഗദീഷ്, കൊച്ചുപ്രേമൻ, ശ്രീനാഥ് ഭാസി, മധുപാൽ, വെങ്കിടേഷ്, ടി.ജി.രവി തുടങ്ങിയവരും തനത് ശൈലിയിൽ ഉള്ള അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. ഡിവൈഎസ്പി ശേഖറിന്‍റെ അഭിനയവും വ്യത്യസ്തത പുലർത്തുന്നതാണ്. രാഹുൽ രാജിന്‍റെ പശ്ചാത്തല സംഗീതം സിനിമയിലെ ഹൊറർ, സസ്പെൻസ്, മിസ്റ്ററി രംഗങ്ങളെ വളരെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം ആസ്വദിക്കണമെങ്കിൽ തീയേറ്ററിൽ തന്നെ സിനിമ കാണേണ്ടതാണ്. ജോഫിൻ ടി ചാക്കോയാണ് സ്ക്രിപ്റ്റും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. ഒരു തുടക്കക്കാരന്‍റെ പരിമിതികളെ മികച്ചരീതിയിൽ സംവിധായകൻ അതിജീവിച്ചിരിക്കുന്നു. ശ്യാം മേനോനും ദീപു പ്രദീപുമാണ് സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത്. തീയേറ്ററിൽ കണ്ട് ആസ്വദിക്കേണ്ട മികച്ച സിനിമകളിൽ ഒന്നാണ് ദി പ്രീസ്റ്റ്.
(ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് എഴുതിയ ആസ്വാദനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.