റിസബാവയുടെ ഗുരു പിതാവ്
text_fieldsമട്ടാഞ്ചേരി: മലയാള സിനിമയിൽ വില്ലനായും സ്വഭാവനടനായും തിളങ്ങിയ റിസബാവക്ക് അഭിനയസിദ്ധി പകർന്നുനൽകിയത് പിതാവ് ഇസ്മായിൽ. കൊച്ചിയിലെ കൂട്ടുകാർ 'തടിയൻ ബാവ' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന കെ.ഇ.എം. ഇസ്മായിലിെൻറ (ബാവ) മകൻ റിസ സിനിമയിലെത്തിയപ്പോഴാണ് റിസബാവ ആയത്. നടൻ സത്യനോടൊപ്പം അഭിനേതാക്കൾക്കായി മദിരാശിയിൽ നടത്തിയ ഇൻറർവ്യൂവിൽ പങ്കെടുത്തയാളാണ് ഇസ്മായിൽ.
കൊച്ചിയിലെ പഴയ തലമുറയിൽപെട്ടവർക്ക് നാടകരംഗത്ത് അന്നുണ്ടായിരുന്ന ഒരു വലിയ കൂട്ടുകെട്ട് മറക്കാനാവില്ല. ടി.എസ്. മുത്തയ്യ, എഡ്ഡി മാസ്റ്റർ, പി.ജെ. ആൻറണി, ജെ.എ.ആർ. ആനന്ദ്, ടി.എ. താഹിർ തുടങ്ങിയവരോടൊപ്പം ഇസ്മായിലും ഉണ്ടായിരുന്നു. എന്നാൽ അവസരം ലഭിച്ചില്ല. ശ്യാമിൾ എന്നായിരുന്നു അദ്ദേഹം നാടകരംഗത്ത് അറിയപ്പെട്ടിരുന്നത്. വേലിയും വിളവും, പരിവർത്തനം തുടങ്ങിയ പഴയകാല നാടകങ്ങളിൽ ഇസ്മായിൽ തിളങ്ങി. ഇതിനിടെ, നേവൽബേസിൽ ജോലി ലഭിച്ചു. ഇതോടെ കലാരംഗത്ത് പിന്നോട്ടടിച്ചു. ഏതായാലും പിതാവിെൻറ അഭിനയസിദ്ധി ആറുമക്കളിൽ റിസക്കാണ് ലഭിച്ചത്.
കൊച്ചിയിലെ ചെറിയ നാടക ട്രൂപ്പുകളിലൂടെയാണ് റിസ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് പ്രഫഷനൽ ട്രൂപ്പിൽ എത്തി. ഈ രംഗത്ത് സംഘചേതനയുടെ 'സ്വാതി തിരുനാൾ' എന്ന നാടകം റിസയെ മികച്ച അഭിനേതാവായി ഉയർത്തി. 760 സ്റ്റേജിലാണ് സ്വാതി തിരുനാൾ അരങ്ങേറിയത്. മട്ടാഞ്ചേരി ടൗൺഹാളിൽ സ്വാതി തിരുനാൾ നാടകം അവതരിപ്പിച്ചപ്പോൾ പിതാവും കാണികളിൽ ഒരാളായിരുന്നു. നാടകം അവസാനിച്ചപ്പോൾ ഓടിച്ചെന്ന് മകനെ കെട്ടിപ്പിടിച്ച് 'കീപ് ഇറ്റ് അപ് മൈ സൺ' എന്നുപറഞ്ഞ് വിതുമ്പിയത് റിസ പലപ്പോഴും സുഹൃത്തുക്കളോട് പറയാറുണ്ട്.
സിനിമയിൽ ജോൺ ഹോനായി എന്ന വില്ലനാണ് റിസക്ക് പ്രശസ്തി നൽകിയത്. 1990ൽ 'ഇൻ ഹരിഹർ നഗർ' ഇറങ്ങിയപ്പോൾ അന്നുവരെയുണ്ടായിരുന്ന വില്ലൻ സങ്കൽപം മാറ്റിമറിക്കപ്പെടുകയായിരുന്നു. എന്നാലും ഒരു വില്ലനായി റിസ ബ്രാൻഡ് ചെയ്യപ്പെട്ടില്ല. അനവധി സിനിമകളിൽ സ്വഭാവനടനായി തിളങ്ങി. സീരിയലുകളിലൂടെ മലയാളികളുടെ സ്വീകരണമുറിയിലുമെത്തി. ചെറുപ്പം മുതലുണ്ടായിരുന്ന പ്രമേഹം റിസയെ തെൻറ പ്രഫഷൻ രംഗത്ത് വലിയതോതിൽ അലട്ടി.
നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ജീവിതത്തിൽ കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. വീടുകൾ പലപ്രാവശ്യം വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ട്. മരിക്കുമ്പോൾ പഴയ സ്റ്റാർ തിയറ്റർ ഉണ്ടായിരുന്ന സ്ഥലത്തെ ഫ്ലാറ്റിൽ ഒരെണ്ണം വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. ജീവിതത്തിൽ പ്രതിസന്ധികൾ ഏറെ തരണം ചെയ്തയാളാണ് റിസ. ഒരു സഹോദരൻ ഇക്ബാൽ മുങ്ങി മരിച്ചത് ഒരിക്കലും മായ്ക്കപ്പെടാത്ത നൊമ്പരമായിരുന്നു. അടുത്തകാലത്തായി സാമ്പത്തിക പ്രയാസം ഏറെ അലട്ടി. ചെക്ക് കേസിൽ ഒരുദിവസം ജയിലിൽ കിടക്കേണ്ട സാഹചര്യവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.