രോഹിത്തിന്റെ സിനിമാസ്വപ്നമാരംഭിച്ചത് ബി.ടെക് ക്ലാസ് മുറിയിൽ
text_fieldsപെരിന്തൽമണ്ണ: ഹ്രസ്വസിനിമകളിൽനിന്ന് മുഴുനീള സിനിമയിലേക്ക് പടർന്ന സ്വപ്നം സംസ്ഥാനത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് നവാഗത സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ. സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് സംവിധാനംചെയ്ത ‘ഇരട്ട’യാണ്. ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ ബി.ടെക്കിന് പഠിക്കുന്ന കാലത്ത് 2015 മുതൽ ഉള്ളിൽ പടർന്നതാണ് സിനിമയുടെ മായക്കാഴ്ച. സീനിയർ വിദ്യാർഥിയും സുഹൃത്തുമായിരുന്ന തരുൺ മൂർത്തിയായിരുന്നു കൂട്ട്. ഇരുവരും ചേർന്നെടുത്ത ഹ്രസ്വസിനിമകൾ ശ്രദ്ധേയമായിരുന്നു. തരുൺ മൂർത്തി പിന്നീട് ‘സൗദി വെള്ളക്ക’ എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായി. ഹ്രസ്വസിനിമകളിൽ രോഹിതിന്റെ സംവിധാനത്തിൽ തരുൺ മൂർത്തി വേഷമിടുകയായിരുന്നു.
2017ലാണ് ‘ഇരട്ട’യുടെ തിരക്കഥ തയാറായത്. കോവിഡ് മൂലം വൈകി. 2022 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ചു. 2023 ഫെബ്രുവരി മൂന്നിന് റിലീസായി. ജോജു ജോർജാണ് പ്രധാന വേഷത്തിൽ. ജോജു ജോർജ്, എ.എസ്.ഐ വിനോദ്, ഡിവൈ.എസ്.പി പ്രമോദ് എന്നീ സഹോദരങ്ങളെ സൂക്ഷ്മമായി അവതരിപ്പിച്ചതാണ് സിനിമയുടെ പ്രത്യേകത. ക്രൈംത്രില്ലറാണെങ്കിലും എഴുത്തിലെ പുതുമ സിനിമയെ ശ്രദ്ധേയമാക്കി. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശിയായ രോഹിതിന് ചെറുപ്പം മുതൽ സിനിമാതാൽപര്യമുണ്ട്. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും വിവരം പുറത്തുവിടാനായിട്ടില്ലെന്നും രോഹിത് ‘മാധ്യമ’ത്തോട് പറഞ്ഞു. കോളജ് പഠനം മുതലാണ് ഷോട്ട് ഫിലിംകളിലേക്ക് തിരിഞ്ഞത്. ഒരു വർഷം മുമ്പ് ചെർപ്പുളശ്ശേരി പോസ്റ്റ് ഓഫിസിൽ പോസ്റ്റൽ അസിസ്റ്റന്റായി ചേർന്നെങ്കിലും അവധിയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പിലെ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും കുഞ്ഞിമാളുവിന്റെയും മകനാണ്. രോഹിണിയാണ് ഭാര്യ. മകൻ: ഇഷാൻ അദ്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.