'ന്യൂസ് റിപ്പോർട്ടറുടെ കാമറ ഭ്രാന്തന്‍റെ കൈയിൽ കിട്ടിയാൽ എന്ത് സംഭവിക്കും?'; അവാർഡുകളിൽ സെഞ്ച്വറി തികച്ച് 'റോട്ടൻ സൊസൈറ്റി'
text_fieldsവരാഹ് പ്രൊഡക്ഷൻസിന്‍റെയും ഇന്‍റിപെൻഡന്‍റ് സിനിമ ബോക്സിന്‍റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്ന് നിർമിച്ച് എസ്. എസ്. ജിഷ്ണുദേവ് സംവിധാനം ചെയ്ത ചിത്രം 'റോട്ടൻ സൊസൈറ്റി' രാജ്യാന്തര ചലച്ചിത്രമേള അവാർഡുകളിൽ സെഞ്ച്വറി തികച്ചു.
സമകാലിക പ്രശ്നങ്ങൾ വരച്ചു കാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ ഒരു ഭ്രാന്തന്‍റെ വീക്ഷണത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ കാമറ ഒരു ഭ്രാന്തന്‍റെ കൈയിൽ കിട്ടുകയും തന്‍റെ ചുറ്റുമുള്ള സംഭവങ്ങൾ അയാൾ ആ കാമറയിൽ പകർത്തുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നർമവും ചിന്തയും സമന്വയിപ്പിച്ച ഒരു റിയലിസ്റ്റിക് പരീക്ഷണ ചിത്രമാണ് 'റോട്ടൻ സൊസൈറ്റി'.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി. സുനിൽ പുന്നക്കാടാണ്. മൈസൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ഇന്‍റർനാഷണൽ പനോരമ ഫിലിം ഫെസ്റ്റിവൽ ഓഫ് ബാംഗ്ളൂർ തുടങ്ങി മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം അവാർഡുകൾ ടി. സുനിൽ പുന്നക്കാടിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
ചിത്രത്തിന്‍റെ അവതരണം തീർത്തും റിയലിസ്റ്റിക് ആയതിനാൽ പശ്ചാത്തല സംഗീതമില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സൗണ്ട് എഫക്ട്സിന് വളരെ പ്രാധാന്യം ചിത്രത്തിലുണ്ട്. ഷാബുവാണ് സൗണ്ട് എഫക്ട്സ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്ന ശ്രീ വിഷ്ണുവിന് മികച്ച സൗണ്ട് ഡിസൈനുള്ള അവാർഡ് നൈജീരിയയിൽ നടന്ന നേലസ് ഇന്‍റർനാഷണൽ ഫെസ്റ്റിവലിൽ നിന്നും ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ രചന , ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് സംവിധായകൻ എസ് എസ് ജിഷ്ണുദേവാണ്.
രാജസ്ഥാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കർണ്ണാടക ഇന്‍റർനാഷണൽ ഫെസ്റ്റിവൽ, യു.എഫ്.എം.സി (UFMC) ദുബൈ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ), സീപ്സ്റ്റോൺ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി നൂറ് അവാർഡുകൾ കരസ്ഥമാക്കിയത്.
ടി. സുനിൽ പുന്നക്കാടിനൊപ്പം സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ, രമേശ്, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡി. ജെ., ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട്, മിന്നു (ഡോഗ്) എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.