ആർ.ആർ.ആറിന്‍റെ ചിലവുകൾ പറഞ്ഞ് രാജമൗലി; ദിവസവും 75 ലക്ഷം ചിലവാക്കി ചിത്രീകരിച്ച സീക്വൻസുകളും സിനിമയിൽ
text_fieldsജൂനിയർ എൻ.ടി.ആറും രാംചരണും ഒന്നിക്കുന്ന തെലുങ്ക് സിനിമയാണ് ആർ.ആർ.ആർ. ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്.രാജമൗലി അണിയിച്ചൊരുക്കുന്ന സിനിമകൂടിയാണിത്. ബാഹുബലിക്ക് ശേഷമെത്തുന്ന രാജമൗലി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനാൽ ആർ.ആർ.ആറിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ആകെ ബജറ്റ് 400 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്‍റെ ഒരു സീക്വൻസ് ഷൂട്ട് ചെയ്യാൻ ചിലവായ തുക ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിൽ രാജമൗലി വെളിപ്പെടുത്തിയിട്ടുണ്ട്. ഇടവേള രംഗം ഷൂട്ട് ചെയ്യാനാണ് ഇത്തരത്തിൽ ഭീമമായ തുക ചിലവായിരിക്കുന്നത്. 65 രാത്രികളിലായാണ് 'ആർആർആറി'ന്റെ ഇടവേള സീക്വൻസ് ചിത്റരീകരിച്ചതെന്നും അതിന് പ്രതിദിനം ഏകദേശം 75 ലക്ഷം രൂപ ചെലവായെന്നുമാണ് സംവിധായകൻ പറയുന്നത്.
'തിരക്കഥ എഴുതുമ്പോഴാണ് ഞാൻ ഏറ്റവും സന്തോഷവാനായിരിക്കുന്നത്. അവിടെ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ഷൂട്ടിങ്ങിൽ, വലിയ യൂനിറ്റുകൾ ഉള്ളപ്പോഴാണ് എനിക്ക് ഏറ്റവും ടെൻഷൻ ഉണ്ടാകുന്നത്. എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ, ഓരോ മിനിറ്റിലും ലക്ഷക്കണക്കിന് രൂപ നഷ്ടമാകും'-അദ്ദേഹം പറഞ്ഞു.
'65 രാത്രികളിലായാണ് ആർ.ആർ.ആറിന്റെ ഇടവേള സീക്വൻസ് ഷൂട്ട് ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു. ഒരു രാത്രി ഷൂട്ടിങ്ങിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ ഞാൻ ശരിക്കും പിരിമുറുക്കത്തിലാകുമായിരുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഒമിക്രോൺ ഭീഷണിയെ തുടർന്ന് സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ജനുവരി ഏഴിനാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്ത് കോവിഡ് 19 വ്യാപനം രൂക്ഷമായതും ഡൽഹിയിൽ ഉൾപ്പെടെ തിയറ്ററുകൾ അടച്ചിട്ടതുമാണ് റിലീസ് മാറ്റാൻ കാരണം. തമിഴ്നാട്ടിൽ തിയറ്ററിൽ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
ജനുവരി ഏഴിന് ഗ്രാൻഡ് റിലീസാണ് ആർ.ആർ.ആറിന് ഒരുക്കിയിരുന്നത്. നിരവധി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടികളിൽ ജൂനിയർ എൻ.ടി.ആറും രാംചരണും സജീവമായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആർ.ആർ.ആർ. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻ.ടി.ആറാണ്. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർ.ആർ.ആർ. രുധിരം രണം രൗദ്രം എന്നതിന്‍റെ ചുരുക്കപ്പേരാണ് ആർ.ആർ.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.