മുറിച്ചാൽ മുറികൂടുന്ന ഇനങ്ങൾ; 'പണി'യിലെ ഡോണും സിജുവും 'ജോക്കർ' ആരാധകർ
text_fieldsജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനോട് തോളൊപ്പം നിൽക്കുന്ന വില്ലന്മാരായി എത്തിയിരിക്കുന്നത് സീരിയൽ ലോകത്തുനിന്നും സിനിമയിലേക്കെത്തിയ സാഗർ സൂര്യയേയും യൂട്യൂബിൽ വീഡിയോകൾ ചെയ്ത് ശ്രദ്ധേയനായ ജുനൈസ് വി.പിയുമാണ്. ഇവരെ 'പണി'യിലെ പ്രധാന വേഷങ്ങളിലേക്ക് തിരഞ്ഞെടുക്കാൻ നിമിത്തമായത് ബിഗ് ബോസ് മലയാളം സീസൺ 5 ആയിരുന്നു. ഏതായാലും തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ ഒട്ടും കൂടുതലോ കുറവോ ഇല്ലാതെ രണ്ടുപേരും അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് എന്നാണ് തിയറ്റർ ടോക്ക്.
തൃശൂരിലെ ഒരു വർക്‍ഷോപ്പിലെ വണ്ടിപ്പണിക്കാരാണ് ഡോണും സിജുവും. ഒരു കുടയും ഒരു കുപ്പി വെള്ളവും രണ്ട് കയ്യുറയും ഒരു ചുറ്റികയും ഒരു സ്ക്രൂഡൈവറുമായി ഹെൽമെറ്റും വെച്ച് എപ്പോഴും ബൈക്കിലാണ് ഇരുവരുടേയും കറക്കം. ഒരു ദിവസം ഇവർ വർക്‍ഷോപ്പിലെ നക്കാപ്പിച്ച പൈസ കിട്ടുന്ന പണി വേണ്ടെന്നു വയ്ക്കുന്നു. പിന്നാലെ ബട്ടർഫ്ലൈ ഇഫക്ട് പോലെ വരുന്ന സംഭവ പരമ്പരകളാണ് 'പണി'യുടെ കഥാഗതി.
മുറിച്ചാൽ മുറികൂടുന്ന ഇനങ്ങളാണ് രണ്ടും. ഏത് നരകത്തിൽ കൊണ്ടുപോയിട്ടാലും കരകയറും. ഓരോ നോട്ടത്തിലും ചിരിയിലും അലസമായ വാക്കുകളിലും ചലനങ്ങളിലുമൊക്കെ കഥാപാത്രങ്ങളായി സാഗറും ജുനൈസും ലവലേശം വ്യത്യാസമില്ലാതെ മാറുന്നത് ചിത്രത്തിൽ കാണാമായിരുന്നു. ശരിക്കും ഡോണും സിജുവുമായി പകർന്നാടുകയായിരുന്നു ഇരുവരും. പണി കിട്ടിയാൽ തിരിച്ച് പണിയാൻ രണ്ടും കൽപ്പിച്ചിറങ്ങുന്ന എണ്ണം പറഞ്ഞ വില്ലന്മാരായി ഇരുവരും 'പണി'യിൽ തകർത്ത് അഭിനയിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ചിത്രം കാണുമ്പോൾ പ്രേക്ഷകരിൽ ഇവരോട് എന്തെന്നില്ലാത്തൊരു പകയും അറപ്പും വെറുപ്പും വന്നുപൊതിയും, അത്രയ്ക്ക് കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടുള്ള പ്രകടനമാണ് ഇരുവരുടേയും.
അതുമാത്രമല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രമായ 'ജോക്കറി'ന്‍റെ ആരാധകരാണ് ഇരുവരും എന്നത് ഇവരുടെ മൊബൈൽ പൗച്ചിന് പുറകിലെ ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നുണ്ട്. പലപ്പോഴും ഇവരുടെ ചില പ്രവൃത്തികൾ അത് സാധൂകരിക്കുന്നുമാണ്. മോളിവുഡിനെ വിറപ്പിച്ച കിണ്ണം കാച്ചിയ പ്രതിനായകന്മാരുടെ പട്ടികയിലേക്കാണ് ഇരുവരും ബൈക്കിൽ ചീറിപ്പാഞ്ഞ് പണി പണിത് കയറുന്നത്.
ജോജു അവതരിപ്പിച്ചിരിക്കുന്ന ഗിരി എന്ന നായക കഥാപാത്രത്തോട് ഒപ്പം നിൽക്കുന്ന പ്രതിനായക വേഷങ്ങളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും ആഴമുള്ള ഘടന തന്നെ നൽകിയിട്ടുണ്ട് തിരക്കഥയിൽ എന്നത് ശ്രദ്ധേയമാണ്. ഡോണിനും സിജുവിനും മാത്രമല്ല ഗിരിയുടെ ഭാര്യ കഥാപാത്രമായ ഗൗരിയായെത്തിയ അഭിനയ, ഗിരിയുടെ സുഹൃത്ത് ഡേവിയായെത്തിയ ബോബി കുര്യൻ, ഗിരിയുടെ കസിൻ സജിയായെത്തിയ സുജിത്ത് ശങ്കർ, ഡേവിയുടെ ഭാര്യ കഥാപാത്രമായ ജയയായെത്തിയ അഭയ ഹിരൺമയി, ഗിരിയുടെ അമ്മയായ മംഗലത്ത് ദേവകിയമ്മയായെത്തിയ സീമ തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും മികച്ച അഭിനയമുഹൂർത്തങ്ങളുണ്ട്.
തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ മികച്ചൊരു ക്രൈം ആക്ഷൻ റിവഞ്ച് ത്രില്ലർ സമ്മാനിക്കാൻ ജോജുവിന് കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലും മ്യൂസിക്കിലും എഡിറ്റിങ്ങിലും ചടുലതയോടെ, അസാധ്യ കൈയ്യടക്കത്തോടെയാണ് ഓരോ സീനുകളും ജോജു ഒരുക്കിയിരിക്കുന്നത്. തൃശൂരിലെ ഗുണ്ടകളുടെ മാത്രം കഥയായല്ല, അവരുടെ കുടുംബബന്ധങ്ങൾ, സൗഹൃദങ്ങൾ ഇവയൊക്കെ ചേരുന്ന ഇമോഷണൽ സൈഡും മികച്ച രീതിയിൽ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല സാഗർ, ജുനൈസ് തുടങ്ങിയ രണ്ട് മികച്ച നടന്മാരേയും ജോജു 'പണി'യിലൂടെ മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.