രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസം; അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് - മന്ത്രി സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണയത്തിൽ രഞ്ജിത്തിന് റോൾ ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രി പറയുന്നത്.
രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. സംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടത്.
ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. ഇനി പുനഃപരിശോധനയില്ല.ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല. അവാർഡ് നിർണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് തന്നെയാണെന്നും അവാർഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. അന്വേഷണത്തിന്റെ ആവശ്യമില്ല. പരാതിയുണ്ടെങ്കിൽ അവർ നിയമപരമായി പോകട്ടെ. തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ നോക്കാം-മന്ത്രി പറഞ്ഞു.
പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ച് സംവിധായകൻ വിനയൻ രംഗത്ത് എത്തിയിരുന്നു. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിൻറെ ഓഡിയോ സന്ദേശം വിനയൻ പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.