ബിരിയാണിയിലൂടെ സജിൻ ബാബുവിന് പുരസ്കാരം
text_fieldsവിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്ത 'ബിരിയാണി'ക്ക് മറ്റൊരു പുരസ്കാരം കൂടി. ഏഴാമത് രാജസ്ഥാൻ ഫിലിം ഫെസ്റ്റിവലിൽ റീജിയണൽ സിനിമ മത്സരത്തിൽ സജിൻ ബാബുവിന് മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത് പുറത്തുവിട്ടത്.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. മതപരമായ ദുരാചാരങ്ങൾക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ബിരിയാണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈയിടെ അന്തരിച്ച പ്രശസ്ത നടൻ അനിൽ നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സജിൻ ബാബു തന്നെയാണ്. യു.എ.എൻ. ഫിലിം ഹൗസ് നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എൻ. ഭട്ടതിരിയുമാണ് നിർവഹിച്ചിരിക്കുന്നത്.
"ബിരിയാണി"ക്ക് ഏഴാമത് രാജസ്ഥാൻ ഫിലിം ഫെസ്റ്റിവലിൽ റീജിയണൽ സിനിമ മത്സരത്തിൽ മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് കൂടി കിട്ടിയിരിക്കുന്നു..
Posted by Sajin Baabu on Friday, 2 April 2021
2020 മുതൽ 50-ലേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള 'ബിരിയാണി'ക്ക് 20-ഓളം അവാർഡ് ലഭിച്ചിട്ടുണ്ട്. ബോസ്റ്റണിലെ ആറാമത് കാലിഡോസ്കോപ് ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ബിരിയാണിക്ക് മികച്ച സിനിമ, മികച്ച നടി എന്നീ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. 42മത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്പെയിനിലെ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കനി കുസൃതി രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ് നേടിയിരുന്നു.
കഴിഞ്ഞ ഐഎഫ്എഫ്കെയിൽ പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ച പ്രതികരണം വളരെ പ്രചോദനകരമായിരുന്നുവെന്ന് സജിൻ ബാബു പറഞ്ഞിരുന്നു. മേളയിൽ പ്രദർശിപ്പിച്ച എല്ലാ ഷോയും ഹൗസ്ഫുളായിരുന്നു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ് 'ബിരിയാണി' ആദ്യമായി പ്രദർശിപ്പിച്ചത്. അവിടെ മികച്ച സിനിമക്കുള്ള നെറ്റ് പാക്ക് അവാർഡ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.