മുൻകൂർ ബുക്കിങ്ങിൽ ആദ്യ ദിനം 27000 ടിക്കറ്റുകൾ; സലാർ റീ റിലീസിന് ഒരുങ്ങുന്നു
text_fieldsപ്രഭാസും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ എത്തിയ, പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു സലാർ. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ കൊണ്ട് 500 കോടി കളക്ഷൻ നേടിയിരുന്നു. ചിത്രം റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.
മാർച്ച് 21-നാണ് സലാർ റീ റിലീസ് ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ചിത്രത്തിന്‍റെ മുൻകൂർ ബുക്കിങ് ആരംഭിച്ചത്. ഹൈദരാബാദിലും വിശാഖപട്ടണത്തും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹൗസ്ഫുൾ ആകുകയായിരുന്നു. ആദ്യ ദിവസത്തേക്കുള്ള 27,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുതീർന്നു.
65 ഷോകൾ മാത്രമേ ഉണ്ടായിരുന്നതിൽ ഏകദേശം 22 ഷോകൾ പൂർണമായി ബുക്കിങ് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ ദിവസത്തെ പ്രീ-സെയിലിൽ നിന്ന്, 33.50 ലക്ഷം രൂപയുടെ മൊത്ത കളക്ഷൻ ചിത്രം ഇതിനകം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
700 കോടിയിലധികമാണ് തിയറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് സലാർ. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രത്തിന്‍റെ ബഡ്ജറ്റ് 400 കോടിയായിരുന്നു. വൻ ഹൈപ്പോടെയാണ് സലാർ തിയറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ പ്രഭാസ് - പൃഥ്വിരാജ് കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായുരുന്നു.
രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് സലാർ കഥ പറയുന്നത്. ഉറ്റസുഹൃത്തുക്കളായിരുന്ന ദേവയുടെയും(പ്രഭാസ്) വർധരാജ മന്നാറുടെയും(പൃഥ്വിരാജ്) ബന്ധത്തിൽ എങ്ങനെ വിള്ളൽ സംഭവിക്കുന്നു എന്നതിലൂടെയാണ് 'സലാർ പാർട്ട് 1 സീസ് ഫയർ' കടന്നുപോകുന്നത്. ഭുവന്‍ ഗൗഡയാണ് ഛായാഗ്രാഹകന്‍. ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റര്‍. ശ്രുതി ഹാസന്‍ , ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.