ആരാധകർ ആർത്തുവിളിച്ചു, തിയേറ്റർ പിടിച്ചുകുലുക്കി വീണ്ടും 'സലാർ'
text_fieldsറീ റിലീസ് ട്രന്‍റിലേക്ക് ഇനി സലാറും. പ്രഭാസും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച സലാർ മാർച്ച് 21 ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു. ആരാധകർ ആവേശത്തിലാണ്. സിനിമ ആഘോഷിക്കുന്നതിന്റെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പ്രഭാസും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സലാർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, മൈം ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും 2023 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു സലാർ. രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും.
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായ സലാർ 2023 ൽ പുറത്തിറങ്ങിയത്. ദക്ഷിണേന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ 771 ഷോകളോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്തത്. ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിങ്ങിൽ 1.34 കോടി രൂപ കളക്ഷൻ ചിത്രം നേടി. റീ-റിലീസിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റീ-റിലീസ് കളക്ഷനും ഹൈയാണ്.
പ്രഭാസ് നിരവധി പ്രോജക്ടുകളുടെ തിരക്കിലാണ്. മാരുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ഹൊറർ ചിത്രമായ ദി രാജ സാബിലാണ് പ്രഭാസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രഭാസ്-ഹനു പ്രോജക്റ്റ്, താൽക്കാലികമായി ഫൗജി എന്ന് പേരിട്ടിരിക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമ, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന പൊലീസ് ത്രില്ലർ സ്പിരിറ്റ് തുടങ്ങിയ പ്രോജക്ടുകളാണ് പ്രഭാസിന്‍റേതായി ഇനി വരാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.