ആമിർ ഖാൻ അല്ല; ഗജിനിയുടെ ഹിന്ദിക്കായി ആദ്യം തീരുമാനിച്ചത് മറ്റൊരു സൂപ്പർ താരത്തെ, പിന്നീട് സംഭവിച്ചത്
text_fieldsസൂപ്പർ ഹിറ്റ് ചിത്രം ഗജിനിയുടെ ഹിന്ദി പതിപ്പിനായി ആദ്യം തീരുമാനിച്ചത് ആമിർ ഖാനെ ആയിരുന്നില്ലെന്ന് നടൻ പ്രദീപ് റാവത്ത്. സംവിധായകൻ മുരുകദോസിന്റെ മനസിൽ മറ്റൊരു ബോളിവുഡ് സൂപ്പർ താരമായിരുന്നെന്നും എന്നാൽ താനാണ് ആമിറിനെ നിർദേശിച്ചതെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗജിനിയുടെ ഹിന്ദി പതിപ്പിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രദീപ് റാവത്ത് ആണ്.
'ഗജിനി ഹിന്ദി റീമേക്ക് ചെയ്യാനുള്ള ആഗ്രഹം സംവിധായകൻ മുരുകദോസ് എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ മനസിൽ നടൻ സൽമാൻ ഖാൻ ആയിരുന്നു. മുരുകദോസുമായി ഒന്നിച്ച് പോകുന്ന ഒരു നടനല്ല സൽമാൻ ഖാൻ. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്. കൂടാതെ മുരുകദോസിന് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല.
ആമിർ ഖാൻ ആകും ചിത്രത്തിന് യോജിച്ചതെന്ന് എനിക്ക് തോന്നി. സർഫറോഷ് പോലുള്ള സിനിമകളിൽ ഞാൻ ആമിറിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വളരെ ശാന്ത സ്വഭാവക്കാരനാണ്. കൂടാതെ കഴിഞ്ഞ 25 വർഷമായി ആമിർ ആരോടെങ്കിലും ദേഷ്യപ്പെടുന്നതോ വഴക്ക് ഉണ്ടാക്കുന്നതോ ഞാൻ കണ്ടിട്ടില്ല. വളരെ മാന്യമായിട്ടാണ് അദ്ദേഹം മറ്റുള്ളവരോട് പെരുമാറുന്നത്. അതുകൊണ്ട്, അദ്ദേഹമായിരിക്കും ചിത്രത്തിന് യോജിച്ചതെന്ന് ഞാൻ കരുതി. സൽമാൻ ഖാനെ നിയന്ത്രിച്ച് മുന്നോട്ട് കെണ്ടുപോകാൻ ബുദ്ധിമുട്ടാണ്. അദ്ദേഹം ചിത്രത്തിലെത്തിയാൽ അനാവശ്യമായ സങ്കീർണതകൾ ഉണ്ടാകുമെന്ന് തോന്നി. അങ്ങനെയാണ് ആമിറിലെത്തിയത്'- പ്രദീപ് പഴയ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
സംവിധായകൻ എ ആർ മുരുകദോസിന്റെ ആദ്യ ഹിന്ദി ചിത്രമാണ് ഗജിനി. അസിൻ ആയിരുന്നു നായിക. അന്തരിച്ച നടി ജിയ ഖാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.