സൽമാന്‍റെ സഹായഹസ്തം വീണ്ടും; 25,000 സിനിമ പ്രവർത്തകർക്ക് 1,500 രൂപ വീതം നൽകും
text_fieldsമുംബൈ: കോവിഡിന്‍റെ രണ്ടാം വരവിൽ പ്രതിസന്ധിയിലായ സിനിമ പ്രവർത്തകർക്ക് സഹായഹസ്തവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. സാങ്കേതിക പ്രവര്‍ത്തകര്‍, മേക്കപ്പ് ആർട്ടിസ്റ്റുകൾ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സ്റ്റണ്ട് ആർട്ടിസ്റ്റുകൾ, ലൈറ്റ്ബോയിമാർ തുടങ്ങി 25,000 പേർക്കാണ് സൽമാൻ സഹായധനം നൽകുന്നത്. ആദ്യഗഡുവായി 1,500 രൂപ വീതമാണ് നല്‍കുകയെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്‍റ് ബി.എൻ. തിവാരി പറഞ്ഞു.
'അർഹതപ്പെട്ടവരുടെ പട്ടികയും അക്കൗണ്ട് നമ്പരും സൽമാൻ ഖാന് കൈമാറിയിട്ടുണ്ട്. ഉടൻ പണം നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്'- ബി.എൻ. തിവാരി വ്യക്തമാക്കി. ഇതുകൂടാതെ സിനിമയിൽ ജോലി ചെയ്യുന്ന അർഹരായ 35,000 മുതിർന്ന പൗരന്മാർക്ക് 5000 രൂപ വീതം നൽകാൻ യഷ്രാജ് ഫിലിംസുമായി തത്വത്തിൽ ധാരണയായതായി അദ്ദേഹം പറഞ്ഞു. നാലുപേരടങ്ങുന്ന കുടുംബത്തിനുള്ള പ്രതിമാസ റേഷൻ വിതരണം ചെയ്യാമെന്നും യഷ്രാജ് ഫിലിംസ് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജോലിയില്ലാതെ വിഷമിക്കുന്ന സിനിമ പ്രവർത്തകർക്ക് 3,000 രൂപ വീതം സല്‍മാന്‍ ഖാന്‍ നൽകിയിരുന്നു. അടുത്തിടെ, ശിവസേനയുടെ യൂത്ത് വിങുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള 5000 കോവിഡ് മുന്നണി പോരാളികൾക്ക് ഭക്ഷണമെത്തിക്കാനും സൽമാൻ ഖാൻ രംഗത്തെത്തിയിരുന്നു. അവർക്ക് വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണത്തിന്‍റെ ഗുണമേന്മ സൽമാൻ പരിശോധിക്കുന്നതിന്‍റെയും പാക്കിങിന് നേതൃത്വം നൽകുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.