ഇനി സല്‍മാന്റെ വീട്ടിലെന്ന് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍; വെടിവെപ്പിൽ പ്രതികരിച്ച് നടന്റെ പിതാവ്
text_fieldsബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പിൽ പ്രതികരിച്ച് പിതാവും തിരക്കഥകൃത്തുമായ സലിം ഖാൻ. കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും സംഭവത്തിൽ ഭയപ്പെടാനില്ലെന്നും സലിം ഖാൻ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. വെടിയുതിർത്തവരുടെ ലക്ഷ്യം വെറും പബ്ലിസിറ്റി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
' സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർക്ക് വേണ്ടത് പബ്ലിസിറ്റി മാത്രമാണ്. ഇതിൽ വിഷമിക്കേണ്ടതായി ഒന്നുമില്ല. കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഭയപ്പെടേണ്ടതായി ഒന്നുമില്ല'- സലിം ഖാൻ പറഞ്ഞു.
ഏപ്രിൽ 14 പുലർച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ സൽമാന്റെ ഗ്യാലക്സി അപ്പാർട്ട്മന്റെിന് മുന്നൽ വെടിയുതിർത്തത്. അജ്ഞാതർ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടന്റെ വീടും പരിസരവും പൊലീസിന്റെ കനത്ത സുരക്ഷയിലാണ്.
അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി ഏറ്റെടുത്തിട്ടുണ്ട്. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്‌ണോയി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പിൽ പറയുന്നു.
ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് പകക്ക് കാരണം.
1998 ഒക്ടോബര്‍ 2 നാണ് സല്‍മാനെതിരേ ബിഷ്ണോയി വിഭാഗത്തിലുള്ള ഒരാള്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. തുടർന്ന് സല്‍മാന്‍ അറസ്റ്റിലാവുകയും ജാമ്യത്തിലറങ്ങുകയും ചെയ്തു. കൃഷ്ണമൃഗ വേട്ട കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂര്‍ കോടതി സല്‍മാന് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടു. സല്‍മാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതേ സമയം നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്ത ബിഷ്ണോയി കൃഷ്ണമൃഗത്തെ കൊന്നതിന് താന്‍ സല്‍മാനോട് പകരം വീട്ടുമെന്ന് പറഞ്ഞിരുന്നു.
2018ല്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹായി സമ്പത്ത് നെഹ്റ സല്‍മാന്‍ ഖാനെ വധിക്കാൻ വീട്ടിലെത്തിയിരുന്നു. ആക്രമണം നടത്തുന്നതിന് മുമ്പ് നെഹ്റയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് സൽമാൻ ഖാന്റെ സുരക്ഷ എക്‌സ് കാറ്റഗറിയിൽനിന്ന് വൈ പ്ലസ് കാറ്റഗറിയാക്കി ഉയർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.