വെള്ളിത്തിരയിലേക്ക് വളരുന്നു, സമീഹയുടെ ഹൃദയചിത്രങ്ങൾ
text_fieldsഷാർജയിൽ ജനിച്ചുവളർന്ന ഒരു മലയാളിപ്പെൺകുട്ടി. ടെലിവിഷനിൽ തെളിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും അവളെ അൽഭുതപ്പെടുത്താൻ തുടങ്ങിയത് '90കളുടെ തുടക്ക കാലത്തായിരുന്നു. യു.എ.ഇയിൽ അക്കാലത്ത് ലഭ്യമായ അറബി ഭാഷാ ചാനലുകളിലെ സീരിസുകളും ആനിമേഷനുകളും ആശ്ചര്യത്തോടെ കാണും. പിതാവിനൊപ്പം വൈകുന്നേരങ്ങളിൽ അറബ്ലോകത്തിന്‍റെ വിശേഷങ്ങൾ നിറയുന്ന വാർത്തകളും വീക്ഷിക്കും.
ഫലസ്തീൻ, ഇറാഖ്, കുവൈത്ത്..എന്നിങ്ങനെ രക്തം കിനിയുന്ന മനുഷ്യാനുഭവങ്ങളുടെ ചിത്രങ്ങൾ ടെലിവിഷനിൽ വന്നുനിറയുന്ന കാലമായിരുന്നു. കണ്ണിമവെട്ടാതെ കണ്ടുതീർത്ത കാഴ്ചകളിലൂടെ ആ കുട്ടിയുടെ മനസിൽ വേദനിക്കുന്ന മുഴുവൻ മനുഷ്യരോടും അനുകമ്പയുടെ ഒരു പാലമുണ്ടായി. മാത്രമല്ല, സഹസ്രാബ്ദങ്ങൾ ചരിത്രത്തിലൂടെ തെളിഞ്ഞൊഴുകിയ അറബി ഭാഷയെന്ന അമൂല്യ സമ്പത്ത് മസ്തിഷ്കത്തിൽ സ്ഥാനം പിടിച്ചു.
കാലം വീണ്ടുമൊഴുകി, പൊളിറ്റിക്കൽ സയൻസും കൊമേഴ്സും ഇംഗ്ലീഷ് ഭാഷയും പഠിച്ചെടുത്ത് ഒരു മാധ്യമപ്രവർത്തകയാകാനാണ് അവരെ കാലം കാത്തുവെച്ചത്. പശ്ചിമേഷ്യയിലെ പ്രധാന മാധ്യമങ്ങളിൽ ജീവിത യാത്രയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. എന്നാൽ അപ്പോഴും കൊച്ചു കുട്ടിയുടെ മനസിൽ പതിഞ്ഞ ദൃശ്യങ്ങളും ശബ്ദങ്ങളും അവരെ അസ്വസ്ഥപ്പെടുത്തി. സിനിമാ മേഖലയിൽ ചെറു പരീക്ഷണങ്ങൾ നടത്തിയ അവർക്ക് ഇടക്കാലത്തൊരു ആശയമുദിച്ചു.
സംസ്കാരത്തിന്‍റെ അറബ് തലസ്ഥാനമായ ഷാർജ നൽകിയ വലിയൊരവസരമായിരുന്നു അത്. ഷാർജ ആർട് ഫൗണ്ടേഷന്‍റെ കീഴിലെ ഷാർജ ഫിലിം പ്ലാറ്റ്ഫോം അഞ്ചാം എഡിഷന്‍റെ ഭാഗമായി മികച്ച സിനിമ ആശയത്തിന് ഗ്രാൻഡ് നൽകുന്നു. രണ്ട് ലക്ഷം ദിർഹമിന്‍റേതാണ് ഗ്രാൻഡ്, എകദേശം 45ലക്ഷം ഇന്ത്യൻ രൂപ. കുഞ്ഞു മനസിൽ പതിഞ്ഞ ചിത്രങ്ങളും ദൃശ്യങ്ങളും കാലങ്ങൾക്ക് ശേഷം വീണ്ടും തെളിഞ്ഞുവന്നു. 'നബീൽ' എന്ന ഫലസ്തീനി ബാലൻ പ്രധാന കഥാപാത്രമായി വരുന്ന ഒരു തിരക്കഥ സമർപ്പിച്ചു.
അറബി മാതൃഭാഷയായ നിരവധി പേർ മൽസര രംഗത്തുണ്ടായിരുന്നു. എന്നാൽ ഷാർജ ഫിലിം പ്ലാറ്റ്ഫോമിന്‍റെ അഞ്ചാം പതിപ്പിന്‍റെ സമാപന ചടങ്ങിൽ വിജയിയായി ആ പേര് മുഴങ്ങി, സമീഹ ബിൻത് സൈദ് അലവി.അറബി ഭാഷയിൽ, മറ്റാരുടെയും സഹായമില്ലാതെ പൂർത്തിയാക്കിയ തിരക്കഥക്ക് അറബ് സാസ്കാരിക ലോകത്തെ മഹാവ്യക്തിത്വമായ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിൽ നിന്നാണ് സമീഹ അവാർഡ് വാങ്ങിയത്. 'മബ്റൂഖ്..നിങ്ങളുടെ സിനിമ പൂർത്തിയായി കാണുന്നതിനായി കാത്തിരിക്കുന്നു' എന്ന് ശൈഖ് സുൽത്താൻ അവർക്ക് ആശംസ നേരുമ്പോൾ പ്രവാസി മലയാളിക്ക് ഒരു സുവർണ നിമിഷം പിറക്കുകയായിരുന്നു.
ഷാർജ അറബിക് ലാംഗ്വേജ് ഫീച്ചർ ഫിലിം പ്രെഡക്ഷൻ ഗ്രാൻഡിനായി നിരവധി പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. തെരഞ്ഞെടുത്ത എട്ട് ഫൈനലിസ്റ്റുകളിൽ നിന്ന് ജൂറിയുടെ പങ്കാളിത്തത്തിൽ നടന്ന സ്ക്രിപ്റ്റ് ലാബ്, പിച്ചിങ് ഫോറം എന്നിവക്ക് ശേഷമാണ് വിജയിയെ തെരഞ്ഞെടുത്തത്. ആദ്യമായാണ് അറബ് ഇതര എഴുത്തുകാരിക്ക് അവാർഡ് ലഭിച്ചത്. സിനിമയുടെ ചിത്രീകരണം 80ശതമാനം ഷാർജയിലാകണമെന്ന് നിബന്ധനയുണ്ട്. അറബിയിലുള്ള സിനിമയായതിനാലാണ് ഫലസ്തീൻ തന്നെ വിഷയമാക്കാൻ തീരുമാനിച്ചത്.
12വയസുകാരനായ കുട്ടിയുടെ കഥ പറയാൻ പ്രചോദനമായത് ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫ എന്ന പെൺകുട്ടിയെ കുറിച്ച ഓർമകളാണ്. ഇരുട്ടുമുറിയിൽ അടക്കപ്പെട്ട പെൺകുട്ടിയുടെ മനോവൃഥകളെ കുറിച്ച ചിന്ത തിരക്കഥയുടെ അടിവേരായി മാറുകയായിരുന്നു. ആസിഫ ജീവിച്ചിരുന്നെങ്കിൽ എങ്ങനെയാകും ട്രോമയിൽ നിന്ന് മോചിതയാകുക എന്ന ആലോചനകൾ വ്യത്യസ്തമായ ഒരു ഭൂപ്രദേശത്തെ 12വയസുകാരനായ 'നബീൽ' എന്ന കഥാപാത്രത്തിലേക്ക് പകരുകയാണുണ്ടായത്. അതുപോലെ ഫലസ്തീൻ സമൂഹത്തോടുള്ള ഐക്യദാർഡ്യത്തിന്‍റെ ഘടകങ്ങളും വിഷയം തെരഞ്ഞെടുക്കുന്നതിൽ സ്വാധീനിച്ചിട്ടുണ്ട്.
ഷാർജ എന്‍റെ നാടാണ് എന്ന് അഭിമാനപൂർവ്വം പറയുന്ന ആളാണ് സമീഹ. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ പിതാവ് സൈദ് അലവി നേരത്തെ തന്നെ കുടുംബത്തോടൊപ്പം എമിറേറ്റിൽ എത്തിയതാണ്. സമീഹ ജനിച്ചതും വളർന്നതും എല്ലാം ഷാർജയിൽ തന്നെയായിരുന്നു. പത്രപ്രവർത്തന കാലത്ത് തന്നെ സിനിമ മേഖലയിൽ ചില ചുവടുകൾ വെച്ചു. ഹൃസ്വചിത്രങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയാണ് തുടക്കം.
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ക്രിപ്റ്റ് കൺസൾട്ടന്‍റ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ തന്നെ മികച്ച സംവിധായികക്കുള്ള അവാർഡും ഹൃസ്വചിത്രത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഭർത്താവ് ഹസൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയതാണ്. അതിനാൽ തന്നെ സിനിമാ അന്തരീക്ഷമുള്ള കുടുംബത്തിൽ നിന്ന് ലഭിച്ച പാഠങ്ങളും അനുഭവങ്ങളും നേട്ടങ്ങൾക്ക് സഹായകമായിട്ടുണ്ട്.
രണ്ടുവർഷത്തിനകമാണ് സിനിമ നിർമിച്ച് ഷാർജ അധികൃതർക്ക് നൽകേണ്ടത്. അതിനുള്ള ആലോചനകൾ തുടങ്ങുന്നതേയുള്ളൂ. അറബിയിലെ മൊഴിഭേദങ്ങളെ വേർതിരിച്ചറിഞ്ഞ് സംഭാഷണങ്ങൾ ചിട്ടപ്പെടുത്തുക എന്നതാണ് ആദ്യ വെല്ലുവിളി. പിന്നീട് കഥാപാത്രങ്ങൾ യോജിച്ച നടീനടൻമാരെ കണ്ടെത്തണം. അങ്ങനെ നിരവധി വെല്ലുവിളികൾ മുന്നിൽ കാണുന്നുണ്ടെങ്കിലും തന്‍റെ ഹൃദയചുവരിൽ തെളിഞ്ഞ ചിത്രങ്ങൾ വെള്ളിത്തിരയിയേക്ക് പകർത്താനുള്ള ഒരുക്കത്തിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.