'ഉണ്ണി മുകുന്ദൻ ക്ഷമിക്കണം, 'മാളികപ്പുറം' നിങ്ങളുടെ സിനിമയല്ല'- ചിത്രത്തെ കുറിച്ച് സന്ദീപ് വാര്യർ
text_fieldsഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറത്തെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മാളികപ്പുറം നിങ്ങളുടെ സിനിമയല്ലെന്നും ഇത് ദേവനന്ദയുടേയും കല്ലുവിന്റേയും ചിത്രമാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ഉണ്ണി മുകുന്ദന് അല്ലാതെ മറ്റൊരു നടനും ഇതിലെ നായക കഥാപാത്രമാവാൻ സാധ്യക്കില്ലെന്നും പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്...
'ഉണ്ണിമുകുന്ദൻ ക്ഷമിക്കണം, മാളികപ്പുറം നിങ്ങളുടെ സിനിമയല്ല...
കണ്ണോളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ
മാളികപ്പുറം കണ്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ആ ദൃശ്യവിസ്മയം മനസ്സിൽ നിന്ന് മായുന്നില്ല. കല്ലു മാളികപ്പുറവും പീയൂഷ് സ്വാമിയും തിയറ്ററിൽ നിന്ന് നമ്മുടെകൂടെയിങ്ങോട്ട് പോരും. ചിത്രത്തിന്റെ പൂജാ ചടങ്ങിൽ വച്ചാണ് ദേവനന്ദയെ കാണുന്നത്. കല്ലു നെയ്ത്തേങ്ങ നിറക്കുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ ദേവനന്ദ പെർഫെക്റ്റ് ആക്കി. ദേവനന്ദ ദിവസങ്ങളായി വ്രതത്തിലായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു. ആ കുട്ടിയുടെ മുഖത്ത് കണ്ട തേജസ്സിനെ പറ്റിയും ചൈതന്യത്തെ പറ്റിയുമായിരുന്നു വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി എരുമേലിയിൽ നിന്നുള്ള മടക്കയാത്രയിൽ എന്നോട് സംസാരിച്ചു കൊണ്ടിരുന്നത്. അയ്യപ്പന്റെ അനുഗ്രഹം ലഭിച്ച മാളികപ്പുറം തന്നെയാണ് ദേവനന്ദ.
പതിനെട്ടാം പടി കയറി ദേവാനന്ദയുടെ കുഞ്ഞിക്കൈ പടിമേൽ തൊടുന്ന ആ ഷോട്ടുണ്ടല്ലോ, ഒരു തുള്ളി കണ്ണീര് പടിമേലെ കിടക്കുന്ന വെള്ളത്തിലേക്ക് വീഴുന്ന ആ രംഗം ...അറിയാതെ ഉള്ളിൽ നിന്ന് ശരണം വിളിച്ച് പോകുന്ന മാസ്മരികത ആ നിമിഷത്തിനുണ്ട്. കല്ലുവും അച്ഛനും തമ്മിലുള്ള സ്നേഹ ബന്ധം, തീക്ഷ്ണമായ വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന കഥാ സന്ദർഭങ്ങൾ, ദേവനന്ദ കരയിപ്പിക്കാത്ത ഒരാളെങ്കിലും തിയറ്ററിൽ ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല.
പ്രിയപ്പെട്ട ഉണ്ണി, ഇതിലെ നായക കഥാപാത്രമാവാൻ ഉണ്ണിക്കല്ലാതെ മറ്റൊരു നടനും സാധ്യമല്ല. ആ അർഥത്തിൽ മാളികപ്പുറം ഉണ്ണിയുടെ ഏറ്റവും മികച്ച സിനിമ തന്നെയാണ്. പക്ഷേ ഉണ്ണിമുകുന്ദൻ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല. ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണ്. കല്ലുവിനെ പോലെ അയ്യനെ കാണാൻ വ്രതമെടുക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ്. അവരാണ് ഈ സിനിമ കാണേണ്ടത്. നമ്മുടെ മക്കളെയാണ് ഈ സിനിമ രക്ഷിതാക്കൾ കാണിക്കേണ്ടത്. രാവിലെ ദേവനന്ദയോട് സംസാരിച്ചു. മോളെ പുതിയ ഉയരങ്ങളിലെത്താൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ'-സന്ദീപ് വാര്യർ കുറിച്ചു.
2022 ഡിസംബർ 30നാണ് മാളികപ്പുറം തിയറ്ററുകളിൽ എത്തിയത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം ശ്രീപഥ്, ദേവനന്ദ, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ തുടങ്ങിയവരാണേ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.