സിനിമക്കായി പൂജ ചെയ്യില്ലെന്ന പരാമർശം; സംവിധായകൻ ജിയോ ബേബിക്കെതിരേ സംഘപരിവാർ സൈബർ ആക്രമണം
text_fieldsസിനിമയുടെ പൂജയുമായി ബന്ധപ്പെട്ട പരാമർശത്തെച്ചൊല്ലി സംവിധായകൻ ജിയോ ബേബിക്കെതിരേ സംഘപരിവാർ സൈബർ ആക്രമണം. നേരത്തേ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സൈബർ വെട്ടുകിളികൾ ആയുധമാക്കുന്നത്. 'എന്റെ സെറ്റിൽ പൂജയും വിളക്കും തേങ്ങാ ഉടയ്ക്കലും ഒന്നും ഉണ്ടാകില്ല, തേങ്ങാ ഉണ്ടെങ്കിൽ അത് വെച്ച് പലഹാരം ഉണ്ടാക്കി സെറ്റിൽ വിതരണം ചെയ്യും'എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ ജിയോ ബേബി പറഞ്ഞത്. ജിയോയുടെ പുതിയ സിനിമയായ കാതൽ ചിത്രീകരണം ആരംഭിച്ചപ്പോൾ പൂജ നടത്തി എന്നുപറഞ്ഞായിരുന്നു സംഘപരിവാർ ഹാൻഡിലുകൾ സംവിധായകനെതിരേ അധിക്ഷേപങ്ങൾ ചൊരിഞ്ഞത്.
കാതലിന്റെ പൂജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ സംഘപരിവാർ ഹാൻഡിലുകൾ ചോദ്യങ്ങളുമായി എത്തുകയായിരുന്നു. 'ഇതിന്റെ സംവിധാനത്തിൽ നിന്ന് ജിയോ ബേബി പിന്മാറിയോ? ഇങ്ങനെ ഉള്ള പരിപാടി ഒന്നും ചെയ്യില്ല എന്നു പറഞ്ഞതായി ഓർക്കുന്നു'- എന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് പൂജ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിയത്. നിരവധി പേരാണ് ജിയോ ബേബിയെ ട്രോളി രംഗത്തെത്തിയത്.
ജിയോ പറഞ്ഞത്
ഇതിനിടെ ജിയാ ബേബിയുടെ അഭിമുഖം ചിത്രീകരിച്ച ചാനൽ അദ്ദേഹം പറഞ്ഞതിന്റെ പൂർണരൂപം പുറത്തുവിട്ടിട്ടുണ്ട്. താൻ നിർമാണ പങ്കാളിത്തം വഹിക്കുന്ന ചിത്രങ്ങളിൽ പൂജയോ മറ്റ് ചടങ്ങുകളോ നടത്തില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത്തരം ചിത്രങ്ങളിൽ തനിക്ക് നിയന്ത്രണം ഉണ്ടെന്നും എന്നാൽ അത്തരം ചടങ്ങുകൾ ആഗ്രഹിക്കുന്ന ഒരു നിർമാതാവ് അങ്ങിനെ ചെയ്യാൻ ആഗ്രഹിച്ചാൽ ഒരിക്കലും തടയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത് മറച്ചുവച്ചാണ് ഹിന്ദുത്വ വാദികൾ സംവിധായകനെതിരേ സൈബർ ആക്രമണം നടത്തുന്നത്.
മമ്മൂട്ടി - ജ്യോതിക എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. എറണാകുളം കാക്കനാട് വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പിനിയുടെ മൂന്നാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് സിനിമ വിതരണം ചെയ്യും.
തിയേറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന റോഷാക്കിനും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. ദി ഗ്രറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് ജേതാവായ ജിയോ ബേബി ഫ്രീഡം ഫൈറ്റ്, ശ്രീ ധന്യ കാറ്ററിങ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ചിത്രവുമായി എത്തുന്നത്.
ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രമാണ് കാതൽ. 2009ൽ ഇറങ്ങിയ സീതാ കല്യാണം എന്ന സിനിമയ്ക്ക് ശേഷം തമിഴ് താരം മലയാളത്തിൽ തിരികെയെത്തുന്ന ചിത്രവും കൂടിയാണിത്. കഴിഞ്ഞ വർഷം ഒടിടിയിലൂടെ റിലീസായ ഉടൻപിറപ്പെ എന്ന സിനിമയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിലേക്കെത്തുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും പുറമെ ചിത്രത്തിൽ ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ, ജോസി സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അലീനയുടെ വരികൾക്ക് മാത്യൂസ് പുളിക്കൻ സംഗീതം നൽകും. ഫ്രാൻസിസ് ലൂയിസാണ് എഡിറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.